Top

'സംഭവിച്ച കാര്യങ്ങളെ ന്യായികരിക്കാന്‍ കഴിയില്ല'; സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് പാകിസ്താന്‍ മുന്‍ പ്രാധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ലോകരാജ്യങ്ങളിലെ പ്രധാന രാഷ്ട്രീയ നേതാക്കളൊന്നും പ്രതികരിക്കാത്ത ഘട്ടത്തിലാണ് റുഷ്്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് ഇമ്രാന്‍ ഖാന്‍ രംഗത്ത് വന്നത്.

19 Aug 2022 5:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംഭവിച്ച കാര്യങ്ങളെ ന്യായികരിക്കാന്‍ കഴിയില്ല; സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് പാകിസ്താന്‍ മുന്‍ പ്രാധാനമന്ത്രി ഇമ്രാന്‍ ഖാന്‍
X

എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് പാകിസ്താന്‍ മുന്‍ പ്രാധാനമന്ത്രി ഇമ്രാന്‍ ഖാന്‍. റുഷ്ദിയുടെ 'ദ സാത്താനിക് വെഴ്സസ്' എന്ന പുസ്‌കത്തോടുള്ള ഇസ്ലാമിക സമൂഹത്തിന്റെ രോഷം മനസ്സിലാക്കാം, എന്നാല്‍ ആക്രമണത്തെ ന്യായീകരിക്കാനാകില്ലെന്നും ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ആക്രമണം ഭയാനകവും ദുഃഖകരവുമാണെന്നും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.

10 വര്‍ഷം മുമ്പ് ഇന്ത്യയില്‍ നടന്ന സല്‍മാന്‍ റുഷ്ദി പങ്കെടുത്ത ഒരു പൊതുപരിപാടിയില്‍ നിന്ന് ഇമ്രാന്‍ ഖാന്‍ പിന്മാറിയിരുന്നു. വേദി പങ്കിടാനില്ലെന്നു പറഞ്ഞായിരുന്നു മാറ്റം. എന്നാല്‍, ലോകരാജ്യങ്ങളിലെ പ്രധാന രാഷ്ട്രീയ നേതാക്കളൊന്നും പ്രതികരിക്കാത്ത ഘട്ടത്തിലാണ് റുഷ്്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് ഇമ്രാന്‍ ഖാന്‍ രംഗത്ത് വന്നത്.

'നമ്മുടെ ഹൃദയത്തില്‍ വസിക്കുന്ന പ്രവാചകനോടുള്ള സ്‌നേഹവും ആദരവും റുഷ്ദിക്ക് അറിയാം, കാരണം അദ്ദേഹം വരുന്നത് ഒരു മുസ്ലീം കുടുംബത്തില്‍ നിന്നാണ്. പ്രതിഷേധിക്കുന്നവരുടെ ദേഷ്യത്തിന് കാരണമറിയാം. പക്ഷേ സംഭവിച്ച കാര്യങ്ങളെ ന്യായികരിക്കാന്‍ കഴിയില്ല.', ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

താലിബാന്റെ നിയന്ത്രണങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ അഫ്ഗാന്‍ സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ക്കായി പോരാടണമെന്നും ഇമ്രാന്‍ പറഞ്ഞു. പക്ഷെ ഒരു വര്‍ഷം മുമ്പ് താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയക്കപ്പോള്‍ 'അടിമത്തത്തിന്റെ ചങ്ങലകള്‍ തകര്‍ന്നു' എന്നായിരുന്നു ഇമ്രാന്റെ പ്രതികരണം. സ്ത്രീകളോടും കുട്ടികളോടുമുള്ള താലിബാന്റെ പ്രവര്‍ത്തികളും ന്യായീകരിക്കുകയും ചെയ്തിരുന്നു. സാംസ്‌കാരിക മാനദണ്ഡം എന്നാണ് അന്ന് വിശേഷിപ്പിച്ചത്. എല്ലാ സമൂഹത്തിന്റെയും മനുഷ്യാവകാശങ്ങളെയും സ്ത്രീകളുടെ അവകാശങ്ങളെയും കുറിച്ചുള്ള ആശയം വ്യത്യസ്തമാണെന്നായിരുന്നു താലിബാനെ ന്യായീകരിച്ചുള്ള ഇമ്രാന്റെ പ്രതികരണം.

തൊഴില്‍ മേഖലയില്‍ പോലും സ്ത്രീകള്‍ പുറത്താക്കപ്പെടുന്ന, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാത്ത അഫ്ഗാനെ കുറിച്ചുള്ള പരാമര്‍ശം മാറ്റം അഫ്ഗാനില്‍ നിന്ന് തുടങ്ങണമെന്നായിരുന്നു. 'അവസാനം അഫ്ഗാന്‍ ജനത അവരുടെ അവകാശങ്ങള്‍ ഉറപ്പിക്കും. അവര്‍ ശക്തരായ ആളുകളാണ്' ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

ഏപ്രിലില്‍ പാകിസ്താന്റെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഇമ്രാന്‍ ഖാന്‍ പുറത്തായിരുന്നു. തന്റെ ഉദ്യോഗസ്ഥരും അനുയായികളും അതിനുശേഷം നിരന്തരം പീഡിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഏപ്രിലില്‍ അവിശ്വാസവോട്ടെടുപ്പ് പരാജയപ്പെട്ടത് മുതല്‍ തന്റെ പാര്‍ട്ടി തെഹ്‌രീക് ഇ ഇന്‍സാഫിനെ ഇല്ലാതാക്കാനാണ് പുതിയ ഭരണകൂടം ശ്രമിക്കുന്നതെന്നും കൂടെ നില്‍ക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും ഇമ്രാന്‍ പറഞ്ഞു.

Story Highlights: What happened cannot be justified; Former Pakistan Prime Minister Imran Khan condemns the attack on Salman Rushdie

Next Story