ഇന്ത്യ-പാക് മത്സരം കാണാന്‍ പാകിസ്താന് ജഴ്സി ധരിച്ചെത്തി; യുപി സ്വദേശിക്കും കുടുംബത്തിനും ഭീഷണി
സ്റ്റേഡിയത്തില്‍ നിന്ന് ഇന്ത്യന്‍ ജഴ്സി വാങ്ങാന്‍ ശ്രമിച്ചെങ്കിലും വിറ്റുതിര്ന്നതിനാല് ഇയാള്‍ക്ക് ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് പാകിസ്താന് ജഴ്സി വാങ്ങി ധരിച്ച് ഇയാള്‍ സ്റ്റേഡിയത്തില്‍ പ്രവേശിച്ചത്
1 Sep 2022 6:09 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബറേലി: ദുബായില്‍ നടന്ന ഇന്ത്യ-പാക് ഏഷ്യാകപ്പ് ട്വന്റി ട്വന്റി മത്സരം കാണാന്‍ പാകിസ്താന് ജഴ്സി ധരിച്ചെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിക്ക് ഭീഷണി. യുവാവിനേയും കുടുംബത്തേയും ഒരു സംഘം ആളുകള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബറേലി സ്വദേശിയായ സന്യാം ജയ്സ്വാളിന് നാട്ടില്‍ തിരികെയെത്താന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.
ഇന്ത്യ-പാക് മത്സരം കാണാനായി മാത്രമാണ് ഇയാള്‍ യുഎഇയില്‍ എത്തിയത്. സ്റ്റേഡിയത്തില്‍ നിന്ന് ഇന്ത്യന്‍ ജഴ്സി വാങ്ങാന്‍ ശ്രമിച്ചെങ്കിലും വിറ്റുതിര്ന്നതിനാല് ഇയാള്‍ക്ക് ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് പാകിസ്താന് ജഴ്സി വാങ്ങി ധരിച്ച് ഇയാള്‍ സ്റ്റേഡിയത്തില്‍ പ്രവേശിച്ചത്. എന്നാല്‍ ഇതേ തുടര്‍ന്ന് ഭീഷണി വരുമെന്ന് ചിന്തിച്ചിരുന്നില്ലെന്ന് ജയ്സ്വാള്‍ പറഞ്ഞു.
ജയ്സ്വാള്‍ സ്റ്റേഡിയത്തില്‍ ആഹ്ലാദ പ്രകടനം നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 'പാകിസ്താനെ പിന്തുണയ്ക്കുന്ന ഇന്ത്യക്കാരന്' എന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്. ഇതോടെ ഇയാള്‍ക്കും കുടുംബത്തിനുമെതിരെ ഭീഷണി ഉയരുകയായിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും മറ്റു ബിജെപി നേതാക്കളെയും ടാഗ് ചെയ്തുകൊണ്ടാണ് ചിലര്‍ വീഡിയോ പ്രചരിപ്പിച്ചത്. ജയ്സ്വാളിനെതിരെ കേസെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ബറേലിയില്‍ മദ്യവ്യാപാരവും റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തുകയാണ് ഇയാള്‍. വീട്ടില്‍ നിന്ന് ആശങ്ക അറിയിച്ചുള്ള ഫോണ്‍വിളി വന്നപ്പോഴാണ് സംഭവം വിവാദമായ കാര്യം ഇയാള്‍ അറിയുന്നത്. എന്നാല്‍ പാക് ജഴ്സി ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാന്‍ സിന്ദാബാദ് വിളിച്ച് പാക് ആരാധകരേ പ്രകോപിപ്പിക്കാമെന്ന് കരുതിയാണ് താന്‍ ജഴ്സി ധരിച്ചതെന്നും അത് പ്രശ്നമാകുമെന്ന് കരുതിയില്ലെന്നും ജയ്സ്വാള്‍ പറഞ്ഞു.
Story highlights: Weared Pakistan jersey to watch India-Pak match; UP native and family threatened