Top

കുട്ടികളില്‍ 'ഏകത്വം' വളര്‍ത്തണം; 'ഏകീകൃത ഡ്രസ് കോഡ്' ആവശ്യമെന്ന് ആര്‍എസ്എസ്

സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് അടുത്തിടെയുണ്ടായ വിവാദം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്താനുള്ള ശ്രമം ആയിരുന്നു എന്നാണ് ഇന്ദ്രേഷ് കുമാറിന്റെ വാദം.

18 March 2022 2:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുട്ടികളില്‍ ഏകത്വം വളര്‍ത്തണം; ഏകീകൃത ഡ്രസ് കോഡ് ആവശ്യമെന്ന് ആര്‍എസ്എസ്
X

അഹമ്മദാബാദ്: കര്‍ണാടകയില്‍ ആരംഭിച്ച് നിയമപോരാട്ടത്തിലേക്കുള്‍പ്പെടെ വഴിവച്ച കോളേജുകളിലെ ഹിജാബ് നിരോധനത്തിന് പിന്നാലെ വസ്ത്രധാരണത്തില്‍ ഏകത്വം എന്ന ആശയം മുന്നോട്ട് വച്ച് ആര്‍എസ്എസ്. പോഷക സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ യോഗത്തില്‍ ആര്‍എസ്എസ് ദേശീയ നിര്‍വാഹക സമിതി അംഗമായ ഇന്ദ്രേഷ് കുമാറാണ് ഇത്തരം ഒരു പ്രതികരണം നടത്തിയത്. കുട്ടികളില്‍ 'ഏകത്വം' എന്ന വികാരം വളര്‍ത്തിയെടുക്കാന്‍ രാജ്യത്ത് പൊതുവായ ഒരു ഡ്രസ് കോഡ് ആവശ്യമാണ് ഗുജറാത്തിലെ നര്‍മ്മത ജില്ലയിലെ എക്താ നഗറില്‍ ബുധനാഴ്ച നടന്ന യോഗത്തില്‍ ആര്‍എസ്എസ് നേതാവ് മുന്നോട്ട് വയ്ക്കുന്നത്.

സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് അടുത്തിടെയുണ്ടായ വിവാദം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്താനുള്ള 'ശ്രമം' ആയിരുന്നു എന്നാണ് ഇന്ദ്രേഷ് കുമാറിന്റെ വാദം.

ഇന്ദ്രേഷ് കുമാറിന്റെ പരാമര്‍ശങ്ങളിങ്ങനെ: 'നമ്മള്‍ വ്യത്യസ്ത വസ്ത്രങ്ങള്‍ അവസരങ്ങള്‍ക്കനുസരിച്ച് ധരിക്കുന്നു. വീട്ടുജോലികള്‍ ചെയ്യുമ്പോള്‍ അതിന് സഹായകമാവുന്ന തരത്തില്‍ വസ്ത്രം ധരിക്കുന്നു, മാര്‍ക്കറ്റിലേക്കോ ഓഫീസിലേക്കോ പോകുന്നതിന് മറ്റൊന്ന് തെരഞ്ഞെടുക്കുന്നു. സന്തോഷകരവും സങ്കടകരവുമായ അവസരങ്ങളില്‍ വസ്ത്രങ്ങളുടെ സ്വഭാവം മാറുന്നു. ഹിജാബിന്റെ പേരില്‍ ഉണ്ടായ വിവാദം പെണ്‍മക്കളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്താനും രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനും ആഗ്രഹിക്കുന്നവര്‍ ഉയര്‍ത്തിയതാണ്. അവര്‍ പെണ്‍കുട്ടികളുടെ ഭാവിയുമായി കളിച്ചു. നിങ്ങള്‍ ആ അനീതിക്കൊപ്പമാണോ. അതോ യഥാര്‍ത്ഥ ഇസ്ലാമിനും മനുഷ്യത്വത്തിനുമൊപ്പമാണോ, നിങ്ങള്‍ക്ക് മാത്രമേ അതറിയൂ' എന്നുമായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ പ്രതികരണം.

ഖുര്‍ആനിലെ സൂക്തം അറബിയില്‍ ചൊല്ലിക്കൊണ്ടായിരുന്നു ജീവിത വ്യവസ്ഥയെ ബഹുമാനിക്കണം എന്ന വാദം അദ്ദേഹം ഉയര്‍ത്തിയത്. 'സാഹോദര്യവും ഏകത്വവും പ്രോത്സാഹിപ്പിക്കുന്നതിന് നമുക്കൊരു പൊതുവായ ഡ്രസ് കോഡ് ആവശ്യമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഓരോരുത്തര്‍ക്കും അവരുടേതായ ദീന്‍ (ജീവിത വ്യവസ്ഥ) ഉണ്ടെന്നാണ്. ഒരാള്‍ മറ്റൊരാളുടെ ദീനില്‍ (ആചാരം) ഇടപെടരുത്, ഒരാളുടെയും ദീനിനെ വിമര്‍ശിക്കരുത്. നിങ്ങളുടെ സ്വന്തം ദീനില്‍ നടക്കുകയും മറ്റൊരാളുടെ ദീനില്‍ പങ്കെടുക്കുകയും ചെയ്യുക, നിങ്ങള്‍ ഒരു വലിയ വ്യക്തിയാകും.' എന്ന് പ്രതികരിച്ച അദ്ദേഹം പിന്നീട് ഏകീകൃത സിവില്‍ കോഡിനെ കുറിച്ചും പിന്നീട് പരാമര്‍ശിച്ചു.

ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് സമൂഹത്തിലുണ്ടാവുന്ന ഭിന്നത തടയുമെന്നും ആര്‍എസ്എസ് നേതാവ് അവകാശപ്പെട്ടു. 'രാജാവിന്റെ മകന്‍ വിലകൂടിയ വസ്ത്രം ധരിക്കും, തുടര്‍ന്ന് ഇന്ത്യ സമ്പന്നരും ദരിദ്രരുമായ സമൂഹമായി വിഭജിക്കപ്പെടും. നമ്മുടെ ജാതിക്കും മതത്തിനും അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിക്കുകയാണെങ്കില്‍, സമുദായങ്ങള്‍ക്കുള്ളിലും നാം വിദ്വേഷത്തിന്റെ വിത്തുകള്‍ പാകും. പിന്നീട് ഷിയാകളുടെയും സുന്നികളുടെയും വസ്ത്രധാരണരീതികളും അതിനുശേഷം (മറ്റ്) ഉപവിഭാഗങ്ങളും ഉണ്ടാകും. അതുകൊണ്ട് തന്നെ നമ്മള്‍ ഒരു രാജ്യമാണെന്ന ബോധം കുട്ടികളില്‍ വളര്‍ത്തണം. ഹിന്ദുസ്ഥാന്‍ നമ്മുടെ ജന്മനാടാണ് എന്നും നമ്മള്‍ ഹിന്ദുസ്ഥാനികളാണ് എന്നും അദ്ദേഹം പ്രതികരിച്ചു.

Content Highlight: wake of the hijab controversy RSS leader Indresh Kumar calls common dress code among the children

Next Story