വോട്ട് ചെയ്യല്‍ കര്‍ശനമാക്കല്‍ ബില്‍; വോട്ട് ചെയ്യാത്തവരെ ശിക്ഷിക്കാനാകില്ലെന്ന് കേന്ദ്രം
വോട്ട് ചെയ്യൽ കർശനമാക്കുന്നതുമായി ബന്ധപ്പെട്ട് 2019 ൽ ജനാർദ്ദൻ സിംഗ് അവതരിപ്പിച്ച ബിൽ ചർച്ചയായതോടെയാണ് കേന്ദ്ര നിയമ മന്ത്രിയുടെ പരാമർശം.
6 Aug 2022 8:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡൽഹി: ജനങ്ങളെ വോട്ട് ചെയ്യാൻ നിർബന്ധിക്കരുതെന്ന് കേന്ദ്ര സർക്കാർ. വോട്ട് ചെയ്യുന്നത് ജനങ്ങളുടെ കടമയാണെന്നും അതിന് ആരെയും നിർബന്ധിക്കാൻ കഴിയില്ലെന്നും കേന്ദ്രമന്ത്രി എസ് പി സിംഗ് ബാഗേൽ പാർലമെന്റിൽ പറഞ്ഞു. വോട്ട് ചെയ്യൽ കർശനമാക്കുന്നതുമായി ബന്ധപ്പെട്ട് 2019 ൽ ജനാർദ്ദൻ സിംഗ് അവതരിപ്പിച്ച ബിൽ ചർച്ചയായതോടെയാണ് കേന്ദ്ര നിയമ മന്ത്രിയുടെ പരാമർശം.
വോട്ടവകാശം വിനിയോഗിക്കേണ്ടത് ഓരോ വ്യക്തിയുടെയും തീരുമാനമായതുകൊണ്ട് തന്നെ വോട്ട് ചെയ്യാത്തതിന്റെ പേരിൽ ആരെയും ശിക്ഷിക്കാൻ കഴിയില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. രാജ്യത്ത് ഗുജറാത്ത് സർക്കാർ വോട്ടെടുപ്പ് നിർബന്ധമാക്കി കൊണ്ടുള്ള ബിൽ നിയമസഭയിൽ പാസാക്കിയിരുന്നു. എന്നാൽ, ഈ ബിൽ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതിനുപുറമെ, ഫിലിപ്പീൻസ്, സ്പെയിൻ, സിംഗപ്പൂർ, തായ്ലൻഡ്, തുർക്കി, ഉറുഗ്വേ, വെനസ്വേല, ബൾഗേറിയ, ചിലി തുടങ്ങിയ ചില സ്ഥലങ്ങളിൽ നിലവിൽ നിർബന്ധിത വോട്ടിംഗ് സമ്പ്രദായം നിലനിൽക്കുന്നുണ്ട്. എന്നാൽ, ഇത് ജനങ്ങൾക്കിടയിൽ സർക്കാരുകൾക്കെതിരെ വിമർശനങ്ങൾ ഉയരാൻ കാരണമാകുന്നുണ്ടെന്നും ജനങ്ങളെ കൊണ്ട് നിർബന്ധിച്ച് വോട്ട് ചെയ്യിപ്പിക്കുക എന്ന പാർലമെന്റിലെ അംഗങ്ങളുടെ നിലപാടിനോട് താൻ യോജിക്കുന്നില്ലെന്നും ബാഗേൽ പാർലമെന്റിൽ പറഞ്ഞു.
പോളിംഗ് ബൂത്തുകളിലേക്ക് ജനങ്ങളെ കൂടുതലായി കൊണ്ടുവരാൻ വേണ്ടിയാണ് കോൺഗ്രസ് ബിൽ പാസാക്കാൻ ആവശ്യപ്പെടുന്നത്. ജനങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വികസനങ്ങൾ കൊണ്ടാണ് 2009 നെ അപേക്ഷിച്ച് 2014 ൽ പോളിങ് ശതമാനം വർധിക്കാൻ കാരണമെന്ന് ബാഗേൽ പാർലമെന്റിൽ പറഞ്ഞു. 2004ൽ ബി എസ് റാവത്തും 2009ൽ ജെ പി അഗർവാളും വോട്ട് ചെയ്യുന്നത് കർശനമാക്കണമെന്ന ബിൽ അവതരിപ്പിച്ചെങ്കിലും പിന്നീട് പിൻവലിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ വോട്ട് ചെയ്യുന്നത് നിർബന്ധിതമാക്കുന്ന ബിൽ നടപ്പിലാക്കാൻ കഴിയില്ലെന്ന് ബാഗേൽ പറഞ്ഞു.
Story highlights: Voting Bill; The Center cannot punish those who do not vote