'പ്രതിഷേധിക്കുന്നവരുടെ വായില്‍ തുണി തിരുകി, സ്ത്രീകളെ വലിച്ചിഴച്ചു'; മുഖ്യമന്ത്രിയുടെ റാലിയില്‍ അധ്യാപകര്‍ക്ക് പൊലീസ് മര്‍ദ്ദനം
മുദ്രാവാക്യം വിളിച്ച അധ്യാപകരെ പൊലീസ് മര്‍ദിക്കുന്നതിന്റെ അസ്വസ്ഥജനകമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്
16 Dec 2021 3:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സമരം ചെയ്യുന്ന അധ്യാപകര്‍ക്കെതിരെ പഞ്ചാബ് പൊലീസ് ക്രൂരമര്‍ദ്ദനം അഴിച്ചുവിടുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുഖ്യമന്ത്രി ഛരണ്‍ജിത് സിംഗ് ചന്നിയുടെ സംഗ്രൂരിലെ റാലിയിക്കിടെയാണ് പ്രതിഷേധക്കാരായ സ്ത്രീകളെ ഉള്‍പ്പെടെ പൊലീസ് വലിച്ചിഴച്ചു പൊലീസ് ജിപ്പില്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. അര്‍ഹരായിട്ടും തൊഴില്‍ ലഭിക്കാത്ത അധ്യാപകരാണ് സമരമുഖത്തുള്ളത്.
മുദ്രാവാക്യം വിളിച്ച അധ്യാപകരെ പൊലീസ് മര്‍ദിക്കുന്നതിന്റെ അസ്വസ്ഥജനകമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരേയും പഞ്ചാബ് സര്‍ക്കാരിനെതിരേയും മുദ്രാവാക്യങ്ങള്‍ മുഴങ്ങിയപ്പോള്‍, പ്രതിഷേധക്കാരുടെ വായില്‍ തുണി തിരുകിക്കൊണ്ട് പോലീസ് വായ്മൂടിക്കെട്ടുന്നത് കാണാം.
മുദ്രാവാക്യം വിളിക്കുന്നതിനിടയില്‍ ഒരു ഉദ്യോഗസ്ഥന് പ്രതിഷേധക്കാരിയെ അവളുടെ വസ്ത്രങ്ങളില്‍ പിടിച്ച് വലിച്ചിഴക്കുന്നുണ്ട്. അവരെ മറ്റു പ്രതിഷേധക്കാര്‍ക്കൊപ്പം പൊലീസ് ബസില്‍ കയറ്റി.റാലിയില്‍ പ്രതിഷേധിച്ച പുരുഷന്മാര്ക്കും ക്രൂര മര്‍ദനവും ശാരീരിക പീഡനങ്ങളും നേരിട്ടു. മുദ്രാവാക്യം വിളി തടയാന്‍ ഒരു പ്രതിഷേധക്കാരന്റെ വായ മൂടിപ്പിടിച്ച് പൊലീസ് ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുന്നത് കാണാം. മറ്റുചിലര്‍ പ്രതിഷേധക്കാരുടെ വായ്മൂടിക്കെട്ടി കാത്തുനിന്ന ട്രക്കില്‍ കയറ്റാന്‍ പോലീസിനെ സഹായിക്കുന്നുണ്ട്.
പ്രചരിക്കുന്ന മറ്റൊരു ക്ലിപ്പില്‍ ഒരു പ്രതിഷേധക്കാരനെ മൂന്ന് പോലീസുകാര്‍ നിലത്ത് വീഴ്ത്തി അവന്റെ നെഞ്ചില്‍ മുട്ടുകുത്തി നില്ക്കുന്നതും കാണാം. വീഡിയോയുടെ അവസാനം ഭാഗത്ത്, മുഖ്യമന്ത്രി ഛരണ്‍ജിത് സിംഗ് ചന്നി തന്റെ പ്രസംഗത്തിന് തയ്യാറായി വേദിയില്‍ നില്‍ക്കുന്നതായും വ്യക്തമാണ്.
അധ്യാപകര്‍ക്കെതിരായ പോലീസ് നടപടി ഇതിനകം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.ചന്നിയെ പ്രതിഷേധക്കാരില്‍ നിന്ന് രക്ഷിക്കാനുള്ള പഞ്ചാബിന്റെ പോലീസ് ശ്രമങ്ങള്‍ വിമര്‍ശനത്തിന് വിധേയമാകുന്നത് ഇതാദ്യമല്ല.
നേരത്തെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ നിന്ന് പ്രതിഷേധക്കാരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ഉച്ചഭാഷിണിയില്‍ സ്തുതിഗീതങ്ങളും മതഗാനങ്ങളും പ്ലേ ചെയ്യാന്‍ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.