വരാനിരിക്കുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പ്; അക്രമങ്ങളുടെ ചരിത്രം മാത്രം; ബിര്‍ഭും കൂട്ടക്കൊല തുടക്കം മാത്രമോ?
26 March 2022 4:54 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിര്‍ഭും ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ങ്ങളുടെ പേരില്‍ എട്ട് പേരെ ചുട്ടു കൊന്ന സംഭവം സംസ്ഥാനത്തെ കൊല്ലും കൊലയും നിറഞ്ഞ രാഷ്ട്രീയ സംഘര്‍ഷങ്ങളിലേക്ക് വീണ്ടും ദേശീയ ശ്രദ്ധയെ കൊണ്ട് വന്നിരിക്കുകയാണ്. സംസ്ഥാനത്ത് പ്രാദേശിക തലത്തില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി നടക്കുന്ന സ്ഥിതിയാണ്. എട്ട് പേരെ ചുട്ടു കൊന്ന സംഭവം നടന്ന ബോഗ്ടി ഗ്രാമമുള്‍പ്പെടുന്ന ബിര്‍ഭും ജില്ല അക്രമ പരമ്പരകളുടെ കേന്ദ്രമാണ്. ബോംബാക്രമണങ്ങളുള്പ്പെടെ നിരവധി ആക്രമണങ്ങള്‍ ഇവിടെ മുന്‍ വര്‍ഷങ്ങളില്‍ നടന്നിട്ടുണ്ട്.
2001 ലാണ് ബിര്‍ഭും ജില്ലയില്‍ നാനൂര് കൂട്ടക്കൊലപാതകം നടക്കുന്നത്. 2001 ജൂലൈ 27 ല്‍ 11 ഭൂരഹിത തൊഴിലാഴികള്‍ ഇവിടെ കൊല്ലപ്പെട്ടു. സിപിഐഎം ബിര്‍ഭും ജില്ലാ കമ്മിറ്റി മെമ്പര്‍ നിത്യ ചാറ്റര്‍ജിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി സംഘം തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവികളായ 11 പേരെയും കൂട്ടക്കൊല ചെയ്യുകയായിരുന്നു. സംഭവത്തില്‍ നിത്യ ചാറ്റര്‍ജിയുള്‍പ്പെടെ 44 സിപിഐഎം പ്രവര്‍ത്തകരെ 2010 ല്‍ കൊല്‍ക്കത്ത ഹൈക്കോടതി ജീവപരന്ത്യം തടവിന് ശിക്ഷിച്ചു.
ഒരു വര്‍ഷത്തിനുള്ളില്‍ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുമെന്നതാണ് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നത്. കഴിഞ്ഞ തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്‍ അക്രമത്തിലാണ് കലാശിച്ചത്. 2018 ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ 12 പേര് കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്തുകള്‍ ആക്രമിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമമുണ്ടായി, പലയിടത്തും ബോംബേറുണ്ടായി. കൂച്ച് ബെഹര്‍, ഭന്‍ഗര്‍, സൗത്ത് 24 പര്‍ഗനസ്, മുര്‍ഷിദാബാദ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. ബിര്‍ഭും ജില്ലയില്‍ നടന്ന ആക്രമണം പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സംഘര്‍ഷങ്ങളിലേക്കുള്ള മുന്നോടി മാത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
ബിർഭും ജില്ലയിലെ ബോഗ്ടി ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം അക്രമങ്ങള്‍ അരങ്ങേറിയത്. ബോംബേറാണ് കൊലപാതകങ്ങളില്‍ കലാശിച്ചത്. രണ്ട് കുട്ടികളുടേതുള്‍പ്പെടെ എട്ട് മൃതദേഹങ്ങള്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. രാഷ്ട്രീയ സംഘര്‍ഷം നിലനിന്നിരുന്ന മേഖലയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ട് വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഇവിടെ സംഘര്‍ഷമുണ്ടായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പഞ്ചായത്ത് ഉപാധ്യക്ഷന്‍ കഴിഞ്ഞ ദിവസം ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ആയിരുന്നു അക്രമങ്ങള്‍ വ്യാപിച്ചത്.
Story highlight: violence in Bengal politics ; past incidents in birbhum