Top

'കര്‍ഷകരെ ഭയപ്പെടുത്താന്‍ ശ്രമിക്കരുത്'; വാജ്‌പേയുടെ പഴയ പ്രസംഗം പങ്കുവച്ച് വരുണ്‍ഗാന്ധി, ബിജെപിക്ക് കുരുക്ക്

വലിയ മനസ്സുള്ള ഒരു നേതാവിന്റെ വിവേകപൂര്‍ണ്ണമായ വാക്കുകള്‍. എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ട്വീറ്റ് ചെയ്യുന്നത്.

14 Oct 2021 7:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കര്‍ഷകരെ ഭയപ്പെടുത്താന്‍ ശ്രമിക്കരുത്; വാജ്‌പേയുടെ പഴയ പ്രസംഗം പങ്കുവച്ച് വരുണ്‍ഗാന്ധി, ബിജെപിക്ക് കുരുക്ക്
X

ലഖിംപുരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപിക്കെതിരെ വീണ്ടും വരുണ്‍ ഗാന്ധി എംപി. കര്‍ഷക കൊലപാതകത്തിന് ശേഷം നിരന്തരം കര്‍ഷകര്‍ക്കായി നിലകൊണ്ട പിലിഭിത്ത് എംപി നിലപാട് ശക്തമാക്കുകയാണ് പുതിയ ട്വീറ്റിലും. 1980 ല്‍ കര്‍ഷകരെ പിന്തുണയ്ച്ച് കൊണ്ട് മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് നടത്തിയ പ്രസംഗമാണ് ഇത്തവണ വരുണ്‍ പങ്കുവച്ചത്.

കര്‍കരെ ഭയപ്പെടുത്താന്‍ ശ്രമിക്കരുത്, അവര്‍ ഭയപ്പെടില്ലെന്നും വ്യക്തമാക്കുന്ന പ്രസംഗമാണ് ട്വീറ്റിനൊപ്പം വരുണ്‍ ഗാന്ധി പങ്കുവയ്ക്കുന്നത്. വലിയ മനസ്സുള്ള ഒരു നേതാവിന്റെ വിവേകപൂര്‍ണ്ണമായ വാക്കുകള്‍. എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ട്വീറ്റ് ചെയ്യുന്നത്. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരത്തിന് തുടര്‍ച്ചയായി പിന്തുണ പരസ്യമാക്കിയ വരുണ്‍ ഗാന്ധിയെ ലഖിംപൂര്‍ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ട്വീറ്റിന് പിന്നാലെ ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും വരുണ്‍ ഗാന്ധിയെ നീക്കുകയും ഒഴിവാക്കുകയും ചെയ്തിരുന്നു.

ഇതിന് ശേഷം ട്വിറ്റര്‍ ബയോയില്‍ നിന്നും ബിജെപി എന്നത് നീക്കിയ വരുണ്‍ ഗാന്ധി 'ലഖിംപൂര്‍ ഖേരി സംഭവത്തെ ഹിന്ദുസിഖ് യുദ്ധമാക്കി മാറ്റാനുള്ള മനപൂര്‍വ്വമായുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത് എന്നും ആരോപിച്ചിരുന്നു. ഇത് തീര്‍ത്തും തെറ്റും അധാര്‍മ്മികവുമായ ഒരു പ്രചാരണമാണെന്ന് മാത്രമല്ല, ഒരു തലമുറയുടെ പ്രയത്‌നം കൊണ്ട് ഉണങ്ങിയ മുറിവുകളെ വീണ്ടും കുത്തി നോവിക്കാനുള്ള അപകടകരമായ നീക്കം കൂടിയാണ്. നിസ്സാര രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി രാജ്യത്തിന്റെ ഐക്യത്തെ വെല്ലുവിളിക്കരുതെന്നും വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

'നീതിക്കുവേണ്ടി പോരാടിയ പാവപ്പെട്ട കര്‍ഷകരെ അഹങ്കാരിയായ പ്രാദേശിക അധികാര വരേണ്യവര്‍ഗം ക്രൂരമായി കൂട്ടക്കൊല ചെയ്തതാണ് ലഖിംപൂരില്‍ നടന്നത്. അതിന് മതപരമായ മാനങ്ങളില്ല'. പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ച വരുണ്‍ ഗാന്ധി പറഞ്ഞു. പ്രതിഷേധിക്കുന്ന കര്‍ഷകരെ വിശേഷിപ്പിക്കാന്‍ ഖലിസ്ഥാനി എന്ന വാക്ക് ഉപയോഗിക്കുന്നതിലൂടെ നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി രക്തം ചൊരിഞ്ഞ അഭിമാനികളായ പോരാളികളുടെ പിന്‍ തലമുറകളെ അപമാനിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ഇത്തരം പ്രകോപനങ്ങള്‍ നമ്മുടെ ദേശീയ ഐക്യത്തിന് ഭീഷണിയുമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Popular Stories

    Next Story