ഉത്തരാഖണ്ഡ് ഗതാഗത മന്ത്രിയും മകനും ബിജെപി വിട്ടു; ഇനി കോണ്‍ഗ്രസില്‍
പ്രമുഖ ദലിത് നേതാവായ യശ്പാല്‍ ആര്യ ആറ് തവണയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
11 Oct 2021 1:43 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഗതാഗത മന്ത്രി യശ്പാല്‍ ആര്യയും മകനും എംഎല്‍എയുമായ സഞ്ജീവ് ആര്യയും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവെയാണ് അട്ടിമറി നീക്കം. കോണ്‍ഗ്രസ് നേതാക്കളായ കെസി വേണുഗോപാല്‍, ഹരീഷ് റാവത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ ന്യൂഡല്ഹിയില്വെച്ചായിരുന്നു പാർട്ടി പ്രവേശം.
യശ്പാല്‍ മന്ത്രിസ്ഥാനം രാജിവെച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു. അതേസമയം, ഉപാധികളൊന്നുമില്ലാതെയാണ് കോണ്ഗ്രസിലേക്കെത്തിയതെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പരിശ്രമിക്കുമെന്നും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം യശ്പാല്‍ ആര്യ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ 2017-ലും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായായിരുന്നു യശ്പാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയത്. അന്ന് സംസ്ഥാന കോണ്‍ഗ്രസിനകത്ത് ഹരീഷ് റാവത്തുമായുള്ള വിയോജിപ്പായിരുന്നു പാർട്ടി വിടാനുള്ള പ്രേരണ. പിന്നീട് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് എംഎല്‍എയായ യശ്പാലിന് മന്ത്രിസ്ഥാനവും ലഭിച്ചു. പ്രമുഖ ദലിത് നേതാവായ യശ്പാല്‍ ആര്യ ആറ് തവണയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.