Top

വൈകാരികം, രാജി അറിയിച്ച് ഹരീഷ് റാവത്ത്; പഴികേള്‍ക്കുന്നത് വാര്‍ധക്യത്തിലെ വിധി

കോണ്‍ഗ്രസിനോ പൊതുസമൂഹത്തിനോ ഹരീഷ് റാവത്തിനെ ആവശ്യമില്ല. ഉത്തരാഖണ്ഡ് അദ്ദേഹത്തെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു.

16 March 2022 1:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വൈകാരികം, രാജി അറിയിച്ച് ഹരീഷ് റാവത്ത്; പഴികേള്‍ക്കുന്നത് വാര്‍ധക്യത്തിലെ വിധി
X

ഡെറാഡൂണ്‍: പാര്‍ട്ടി ടിക്കറ്റുകള്‍ വിറ്റെന്ന ആരോപണത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത്. ഗുരുതര ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കണമെന്ന് റാവത്ത് ആവശ്യപ്പെട്ടു.

'സംസ്ഥാനത്ത് പാര്‍ട്ടി നേരിട്ട തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഇതിനകം പ്രചാരണ കമ്മിറ്റി ചെയര്‍മാനെ രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ ഗണേഷ് ഗോദിയാലും ഡല്‍ഹിയിലുണ്ട്. പരാജയത്തിന്റെ ഉത്തരവാദിത്തം എല്ലാവരുടേതുമാണെന്ന് അദ്ദേഹം വാദിക്കുന്നു. പാര്‍ട്ടി ടിക്കറ്റുകള്‍ വിറ്റുവെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത് ഒരു പക്ഷെ വാര്‍ധക്യത്തിലെ എന്റെ വിധിയായിരിക്കാം.' ഡെറാഡൂണില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വൈകാരിക പ്രതികരണം.

കോണ്‍ഗ്രസിനോ പൊതുസമൂഹത്തിനോ ഹരീഷ് റാവത്തിനെ ആവശ്യമില്ല. ഉത്തരാഖണ്ഡ് അദ്ദേഹത്തെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു. പാര്‍ട്ടി തന്റെ ദൈവമാണ്. ഹോളിക ദഹനില്‍ തന്നേയും ദഹിപ്പിക്കൂവെന്നും ഹരീഷ് റാവത്ത് പറഞ്ഞു.

ഉത്തരാഖണ്ഡിലെ 70 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 47 സീറ്റിലാണ് ബിജെപി വിജയിച്ചത്. കോണ്‍ഗ്രസ് 19 സീറ്റിലേക്ക് ചുരുങ്ങിയപ്പോള്‍ മറ്റ് രണ്ട് സീറ്റുകളില്‍ ബിഎസ്പിയും സ്വതന്ത്രസ്ഥാനാര്‍ത്ഥിയും വിജയിച്ചു. ലാല്‍കുവാനില്‍ മത്സരിച്ച ഹരീഷ് റാവത്തും ബിജെപിയോട് പരാജയപ്പെടുകയായിരുന്നു.

ഹരീഷ് റാവത്ത് കോണ്‍ഗ്രസിന്റെ സീറ്റുകള്‍ വിറ്റെന്ന ആരോപണം കോണ്‍ഗ്രസ് നേതാവ് രജ്ഞിത്ത് റാവത്താണ് ആദ്യം ഉയര്‍ത്തിയത്. രാംനഗര്‍ സീറ്റ് വിവാദമാണ് അടിസ്ഥാനം. രാംനഗര്‍ സീറ്റ് സംബന്ധിച്ച ഹരീഷ് റാവത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് രജ്ഞിത്ത് റാവത്തിന്റെ പ്രകോപിപ്പിച്ചത്.

Next Story