Top

അഖിലേഷിന്റെ കൈപിടിച്ച്, തോളില്‍ തട്ടി യോഗി; യുപി നിയമസഭയില്‍ രാഷ്ട്രീയ സൗഹൃദത്തിന്റെ അപൂര്‍വ നിമിഷങ്ങള്‍

28 March 2022 6:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഖിലേഷിന്റെ കൈപിടിച്ച്, തോളില്‍ തട്ടി യോഗി; യുപി നിയമസഭയില്‍ രാഷ്ട്രീയ സൗഹൃദത്തിന്റെ അപൂര്‍വ നിമിഷങ്ങള്‍
X

ലഖ്‌നൗ: മാസങ്ങള്‍ നീണ്ട രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും തെരഞ്ഞെടുപ്പ് പോരാട്ടത്തിനും ശേഷം അപൂര്‍വ രാഷ്ട്രീയ സൗഹൃദ ദ്യശ്യങ്ങള്‍ക്ക് വേദിയായി യുപി നിയമസഭ. മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിപക്ഷ നേതാവും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും പരസ്പരം കണ്ടുമുട്ടുന്ന രംഗമാണ് ശ്രദ്ധേയമാവുന്നത്. നിയമസഭയിലേക്ക് കടന്നു വരുന്ന യോഗി ആദിത്യനാഥിനെ സ്വീകരിക്കുകയായിരുന്നു അഖിലേഷ് യാദവ്.

പുഞ്ചിരിച്ച് കൊണ്ട് അഖിലേഷ് യാദവിനെ ഹസ്തദാനം ചെയ്യുന്ന യോഗി പിന്നീട് തോളില്‍ തട്ടിക്കൊണ്ട് സൗഹൃദം പങ്കിടുകയുമാണ് ചെയ്യുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 403 അംഗങ്ങളുടെ സത്യപ്രതിജ്ഞക്കായാണ് ഇന്ന് നിയമസഭ സമ്മേളിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തില്‍ എന്ന ചരിത്ര നിയോഗവുമായാണ് യോഗി ആദിത്യനാഥ് വീണ്ടും യുപി മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയത്. 273 സീറ്റുകള്‍ നേടിയാണ് ബിജെപി യുപിയില്‍ അധികാരം നില നിര്‍ത്തിയത്. ഭരണ കക്ഷിയായ ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി സമാജ് വാദി പാര്‍ട്ടി ഇത്തവണ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്തിയിരുന്നു. 49 സീറ്റുകള്‍ ആണ് കഴിഞ്ഞ തവണയില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ ബിജെപിക്ക് നഷ്ടമായത്. 111 സീറ്റുകളാണ് എസ്പി നേടിയത്. വോട്ടിങ് ശതമാനത്തിലും വലിയ ഉയര്‍ച്ച എസ്പി കരസ്ഥമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതിപക്ഷത്തെ നയിക്കാന്‍ അഖിലേഷ് യാദവ് എംപി സ്ഥാനം രാജിവച്ച് യുപി നിയമസഭയിലേക്ക് എത്തിയത്. അഖിലേഷ് യാദവിനെ ഏകകണ്ഠമായാണ് നിയമ സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.

Content Highlight: Uttar Pradesh Assembly witnessed a rare moment Chief Minister Yogi Adityanath and Samajwadi Party president Akhilesh Yadav

Next Story