യു പി ആറാംഘട്ട തെരഞ്ഞെടുപ്പ്; യോഗിയുടെ മണ്ഡലത്തിലും ഇന്ന് വിധിയെഴുത്ത്
ഗോരഖ്പൂർ അർബനിൽ നിന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനവിധി തേടുന്നത്
2 March 2022 11:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, നിയമസഭ പ്രതിപക്ഷ നേതാവും മുതിർന്ന സമാജ് വാദ് പാർടി നേതാവുമായ രാം കോവിന്ദ് ചൗധരി, മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യ തുടങ്ങി നിരവധി മുതിർന്ന നേതാക്കളും മന്ത്രിമാരും ഇന്ന് യു പിയിൽ നിന്നും ജനവിധി തേടും.
10 ജില്ലകളിൽ നിന്നായി 57 നിയമസഭ മണ്ഡലങ്ങളാണ് ഇന്ന് ജനവിധി എഴുതുന്നത്. 676 സ്ഥാനാർഥികളാണ് ആറാംഘട്ടത്തിൽ മത്സര രംഗത്തുള്ളത്. ഗോരഖ്പൂർ, അംബേദ്കർ നഗർ, ബല്ലിയ, ബൽറാംപൂർ, ബസ്തി, ദിയോറിയ, ഖുഷിനഗർ, മഹാരാജ്ഗഞ്ച്, സന്ത് കബീർ നഗർ, സിദ്ധാർത്ഥ് നഗർ എന്നീ പത്ത് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ഗോരഖ്പൂർ അർബനിൽ നിന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനവിധി തേടുന്നത്. പഥർദേവയിൽ നിന്നും കൃഷി മന്ത്രി സൂര്യ പ്രതാപ് ഷാഹി, ഇറ്റ്‌വയിൽ നിന്നും വിദ്യാഭ്യാസ മന്ത്രി സതീഷ് ചന്ദ്ര ദ്വിവേദി, ബാൻസിയിൽ നിന്നും ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ് എന്നിവരാണ് ആറാം ഘട്ട മത്സരത്തിലെ പ്രമുഖർ.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് കുമാർ ലല്ലുവിന്റെ തംകുഹി രാജ് മണ്ഡലത്തിലും ഇന്നാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് എസ്പിയിൽ ചേരാൻ ബിജെപി വിട്ട സ്വാമി പ്രസാദ് മൗര്യ കുശിനഗർ ജില്ലയിലെ ഫാസിൽനഗറിൽ നിന്നും മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവ് രാം ഗോവിന്ദ് ചൗധരി ബല്ലിയ ജില്ലയിൽ നിന്നുള്ള ബൻസ്ദിയിൽ നിന്നും ജനവിധി തേടുന്നുണ്ട്.
ആറാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം ചൊവ്വാഴ്ച വൈകിട്ടോടെ അവസാനിച്ചിരുന്നു. യുപിയിലെ 403 മണ്ഡലങ്ങളിലേക്ക് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 292 മണ്ഡലങ്ങളില്‍ ഇതിനോടകം വോട്ടെടുപ്പ് പുര്‍ത്തിയായി. അവസാന ഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 7ന് നടക്കും.
STORY HIGHLIGHTS: UP Sixth phase polls Today