Top

അയോധ്യയിലെ ഭൂമിയിടപാടുകളില്‍ വ്യാപക ക്രമക്കേട്, അന്വേഷണത്തിന് യുപി സര്‍ക്കാര്‍

23 Dec 2021 5:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അയോധ്യയിലെ ഭൂമിയിടപാടുകളില്‍ വ്യാപക ക്രമക്കേട്, അന്വേഷണത്തിന് യുപി സര്‍ക്കാര്‍
X

രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്ന അയോധ്യയിലെ പ്രദേശത്തെ ഭൂമി ഇടപാടുകളില്‍ വ്യാപക ക്രമക്കേട് എന്ന ആരോപണത്തില്‍ അന്വേഷണം. രാമക്ഷേത്ര ഭൂമിയ്ക്ക് സമീപം ബിജെപി നേതാക്കളും പ്രദേശത്തെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് യോഗി സര്‍ക്കാര്‍ അന്വേഷണത്തിന് നിര്‍ദേശിച്ചത്. ആരോപണങ്ങളില്‍ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് നിര്‍ദേശം.

ഒരാഴ്ചയ്ക്കകം വ്യക്തമായ രേഖകള്‍ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം എന്ന് ഉത്തര്‍പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി (റവന്യൂ) മനോജ് കുമാര്‍ സിംഗ് വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ''മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പത്രവാര്‍ത്ത ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സ്പെഷ്യല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്,'' എന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി (റവന്യൂ) വ്യക്തമാക്കുന്നു.

അയോധ്യയില്‍ രാമക്ഷേത്രത്തിന് സമീപം വ്യാപകമായി സ്ഥലം വാങ്ങിക്കൂട്ടിയവരില്‍ കുറഞ്ഞത് 15 പേരെങ്കിലും പ്രാദേശിക എംഎല്‍എമാര്‍, അയോധ്യയില്‍ ഉള്ളവരോ അവിടെ ജോലി നോക്കുന്ന ഉദ്യോഗസ്ഥരുടെ അടുത്ത ബന്ധുക്കളോ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂമി ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കുന്ന പ്രാദേശിക റവന്യൂ ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകള്‍ ഇത്തരം ഇടപാടുകളില്‍ ഉണ്ടായിട്ടുണ്ടെന്നുമാണ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്.

രാമ ക്ഷേത്രനിര്‍മാണം പുരോഗമിക്കുമ്പോള്‍ ഇവിടെ കൂടുതല്‍ ഭൂമി ഏറ്റെടുക്കാന്‍ സാധ്യത മുന്നില്‍ കണ്ട് വ്യാരകമായി ഭൂമി വാങ്ങിക്കൂടിയെന്നാണ് ആക്ഷേപം. 2020 ഫെബ്രുവരിയില്‍ സ്ഥാപിതമായ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ഇതുവരെ 70 ഏക്കറോളം ഏറ്റെടുത്തിട്ടുണ്ട്. ഇതിന് പുറമെയാണ് ഭൂമിക്ക് നാല് കിലോമീറ്റര്‍ ചുറ്റളവിലാണ് കൂടുതല്‍ ഭൂമി ഇടപാടുകള്‍ നടന്നിട്ടുള്ളത്. ഉയര്‍ന്ന വിലയ്ക്ക് വില്‍പന നടത്തുന്നതിനായാണ് സ്വകാര്യ ബ്രോക്കര്‍മാര്‍ക്കൊപ്പം ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ വരെ ഭൂമി വാങ്ങിക്കൂട്ടുന്നത്.

ഭൂമി ഇടപാട് സംബന്ധിച്ച് ആദ്യം ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച ഉദ്യോഗസ്ഥരും ഇത്തരത്തില്‍ ഭൂമി വാങ്ങിയവരില്‍ ഉള്‍പ്പെടുന്നു എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ക്ഷേത്ര നിര്‍മാണത്തിനായി ഭൂമി വിട്ട് നല്‍കിയ മഹര്‍ഷി രാമായണ്‍ വിദ്യാപീഢം ട്രസ്റ്റ് പ്രദേശത്തെ ദളിതരായ ഗ്രാമീണരില്‍ നിന്ന് അന്യായമായാണ് ഭൂമി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. അഞ്ചു ഇടപാടുകളാണ് ഇത്തരത്തില്‍ വിവാദമായത്. ഈ ക്രമക്കേട് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ ബന്ധുക്കളാണ് ഭൂമി പിന്നീട് വാങ്ങിയത്.

Next Story