Top

വായു മലിനീകരണത്തിന് കാരണം പാകിസ്താന്‍ വ്യവസായമെന്ന് യുപി സര്‍ക്കാര്‍; ഞങ്ങളോട് പോയി പൂട്ടിക്കാന്‍ പറയുമോയെന്ന് സുപ്രീം കോടതി

മലിനീകരണത്തിന് പിന്നില്‍ ഉത്തര്‍പ്രദേശില്‍ നിന്നുളള വ്യവസായിക സ്ഥാപനങ്ങളെല്ലെന്നും യുപി സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു.

3 Dec 2021 8:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വായു മലിനീകരണത്തിന് കാരണം പാകിസ്താന്‍ വ്യവസായമെന്ന് യുപി സര്‍ക്കാര്‍; ഞങ്ങളോട് പോയി പൂട്ടിക്കാന്‍ പറയുമോയെന്ന് സുപ്രീം കോടതി
X

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ പ്രധാന കാരണം പാക്കിസ്താനാണെന്ന വാദവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തലസ്ഥാനത്തെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹരജി ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കവെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വാദം.

മലിനീകരണത്തിന് പിന്നില്‍ ഉത്തര്‍പ്രദേശില്‍ നിന്നുളള വ്യവസായിക സ്ഥാപനങ്ങളെല്ലെന്നും യുപി സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു.

എന്നാല്‍ ഉത്തര്‍പ്രദേശിന്റെ വാദത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ചീഫ് ജസ്റ്റിസ് എന്‍വി രമണ ഉന്നയിച്ചത്. മലിനമായ വായു വരുന്നത് പാക്കിസ്താനില്‍ നിന്നായതിനാല്‍ പാക്കിസ്താനില്‍ നിന്നുളള വ്യാവസായിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം റദ്ദാക്കണമെന്നാണോ ഞങ്ങളോട് ആവശ്യപ്പെടുന്നത് എന്ന് കോടതി ചോദിച്ചു.

കരിമ്പ് വ്യവസായത്തിന് എട്ടുമണിക്കൂര്‍ മാത്രമെ പ്രവര്‍ത്തന സമയമൊളളു, മലിനീകരണത്തിന്റെ പേരില്‍ സംസ്ഥാനത്തെ കരിമ്പ്, പാല്‍ വ്യവസായങ്ങളെ നിയന്ത്രിക്കരുതെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ഡല്‍ഹി നഗരത്തില്‍ മലിനീകരണ തോത് ഉയര്‍ത്തുന്ന ഫാക്ടറികളും നിര്‍മ്മാണ പ്രവര്‍ത്തികളും തടയാന്‍ ഫ്ളയിങ് സ്‌ക്വാഡുകളെ നിയോഗിക്കണമെന്നും ഇത്തരം സ്ഥാപനങ്ങള്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിങ് ആവശ്യപ്പെട്ടു.

വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനമാണ് സുപ്രീംകോടതി ഉന്നയിച്ചിരുന്നു. ഇരുപത്തിനാല് മണിക്കൂറിനുളളില്‍ മലിനീകരണം പരിഹരിക്കാനുളള നിര്‍ദേശവുമായി എത്തിയില്ലെങ്കില്‍ വിഷയത്തില്‍ ഇടപെടുമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.



Next Story