Top

'ഒത്തില്ല'; ദളിതര്‍ക്കൊപ്പം ഭക്ഷണ കഴിച്ചാലും ബിജെപിയിലെ ചോര്‍ച്ച നികത്താന്‍ യോഗിക്ക് കഴിയില്ല

ചോര്‍ച്ച തടയാന്‍ ബിജെപി കോണ്‍ഗ്രസ്, എസ്പി പാളയത്തില്‍ നിന്ന് രണ്ട് എംഎല്‍എമാരെ കൂടുമാറ്റിയിട്ടുണ്ട്

15 Jan 2022 5:48 AM GMT
വീക്ക നെഴുത്ത്

ഒത്തില്ല; ദളിതര്‍ക്കൊപ്പം ഭക്ഷണ കഴിച്ചാലും ബിജെപിയിലെ ചോര്‍ച്ച നികത്താന്‍ യോഗിക്ക് കഴിയില്ല
X

ഉത്തര്‍പ്രദേശ് ബിജെപിയില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ പിന്നോക്ക വിഭാഗക്കാരായ നേതാക്കള്‍ കൂട്ടത്തോടെ സമാജ് വാദി പാര്‍ട്ടിയിലേക്ക് ചേക്കേറുകയാണ്. യോഗി ആതിഥ്യനാഥിന് ലഭിച്ച അവസാന നിമിഷ തിരിച്ചടി ബിജെപി പാളത്തിലാകെ ആശങ്ക വിതയ്ക്കുന്നുണ്ട്. ഇതിനിടെ ദളിത് വീട്ടിലെത്തി ഭക്ഷണം കഴിച്ച് യോഗി നടത്തിയ രാഷ്ട്രീയ തന്ത്രം വലിയ രൂപത്തില്‍ വിമര്‍ശനത്തിനിടയാക്കുകയും ചെയ്തു. ബിജെപി ദളിത്, ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളോട് തുടരുന്ന അനീതികള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചാണ് കൂട്ടരാജിയുണ്ടായിരിക്കുന്നത്.

ചോര്‍ച്ച തടയാന്‍ ബിജെപി കോണ്‍ഗ്രസ്, എസ്പി പാളയത്തില്‍ നിന്ന് രണ്ട് എംഎല്‍എമാരെ കൂടുമാറ്റിയിട്ടുണ്ട്. ബെഹാത് നിയോജകമണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായ നരേഷ് സൈനി (കോണ്‍ഗ്രസ്), ഫിറോസാബാദ് എംഎല്‍എ ഹരി ഓം യാദവ് (എസ്പി), എസ്പി മുന്‍ എംഎല്‍എ ഡോ. ധര്‍മപാല്‍ സിങ് എന്നിവരാണു ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ ഈ കൂടുമാറ്റമൊന്നും സ്വാമി പ്രസാദ് മൗര്യ ഉയര്‍ത്തുന്ന വെല്ലുവിളിയെ മറികടക്കാന്‍ പ്രാപ്തിയുള്ളതല്ല. ആധികാരികമായി വിജയം പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് പല മേഖലകളിലും വലിയ തിരിച്ചടിയുണ്ടാകുമെന്ന് തീര്‍ച്ചയാണ്.

നിലവില്‍ സമാദ് വാദി പാര്‍ട്ടി നടത്തുന്ന നീക്കങ്ങള്‍ ഫലം കണ്ടാല്‍ ബിജെപിക്ക് പല മേഖലകളിലും സ്വാധീനം നഷ്ടപ്പെടും. എന്നാല്‍ എസ്പിക്ക് അധികാരം പിടിച്ചെടുക്കാന്‍ മൗര്യയുടെ പിന്തുണ മാത്രം മതിയാകില്ല. കോണ്‍ഗ്രസ് ശക്തി തെളിയിച്ചാല്‍ ബിജെപിയുടെ ആഘാതം വര്‍ധിക്കും. എസ്പിയുമായി ഭീം ആര്‍മി നേതാവ് കൈകോര്‍ക്കുമെന്നാണ് റിപ്പോർട്ടുകള്‍. അങ്ങനെ വന്നാല്‍ എസ്പിക്ക് ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാം.

ഗോരഖ്പൂരില്‍ നടത്തിയ ദളിത് വീട് സന്ദര്‍ശന നാടകം മോദി ശൈലിയിലുള്ള പ്രമോഷനാണെന്ന് യോഗിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. പടിഞ്ഞാറന്‍ യുപിയില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ സ്വാധീനം മുതലെടുക്കാന്‍ എസ്പിക്ക് കഴിഞ്ഞാല്‍ കാര്യങ്ങള്‍ കടക്കും. എസ്പിയുടെ ഉറച്ച കോട്ടയായ ചന്ദ്രശേഖര്‍ ആസാദിന്റെ മണ്ഡലത്തില്‍ സീറ്റ് ഭീം ആര്‍മി മത്സരിച്ചേക്കും. ചന്ദ്രശേഖര്‍ തന്നെ നേരിട്ട് ഇവിടെ കളത്തിലിറങ്ങാനാണ് സാധ്യത. പ്രദേശിക തലത്തില്‍ ഭീം ആര്‍മി നേട്ടമുണ്ടാക്കിയ ഇടങ്ങളില്‍ പിന്തുണ എസ്പിക്ക് ലഭിക്കും.

ചെറുശക്തികളെ കൂടെ നിര്‍ത്തി പ്രദേശിക തലത്തില്‍ ചലനങ്ങളുണ്ടാക്കാന്‍ അഖിലേഷ് നടത്തുന്ന ശ്രമങ്ങള്‍ ചെറുക്കാന്‍ 'പിആര്‍' നാടകങ്ങളുമായിട്ടാണ് ബിജെപി രംഗത്തിറങ്ങുന്നത്. നിലവില്‍ രാഷ്ട്രീയ ലോക് ദള്‍, എന്‍സിപി, സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി, പ്രഗതിശീല്‍ സമാജ് പാര്‍ട്ടി, മഹാന്‍ ദള്‍, അപ്നാ ദള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ജനവാദി പാര്‍ട്ടി തുടങ്ങിയവ എസ്പി സഖ്യത്തിലുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ എസ്പി അപ്രതീക്ഷിതമായി മുന്‍തൂക്കമാണ് നേടുന്നത്.

------------------------

'ഉത്തർപ്രദേശിൽ ബിജെപിയുടെ അന്ത്യകാഹളം മുഴങ്ങി'; മൗര്യയും സംഘവും സമാജ് വാദ് പാർട്ടിയിൽ

ഉത്തർപ്രദേശ് ബിജെപിയിൽ നിന്ന് രാജിവെച്ച മന്ത്രിമാർ ഉൾപ്പെടെയുള്ളവർ സമാജ് വാദി പാർട്ടിയിൽ ചേർന്നു. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ചടങ്ങിലായിരുന്നു കൂടുമാറ്റം. യോ​ഗി സർക്കാരിലെ മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, ധരം സിങ് സെയ്‌നി, എംഎൽഎമാരായ റോഷൻ ലാൽ വെർമ, ബ്രിജേഷ് പ്രജാപതി, മുകേഷ് വർമ, വിനയ് ശാക്യ, ഭഗവതി സാഗർ എന്നിവരാണ് എസ്പിയിൽ ചേർന്നത്. ഉത്തർപ്രദേശിൽ ബിജെപിയുടെ അന്ത്യകാഹളം മുഴങ്ങിയെന്ന് സ്വാമി പ്രസാദ് മൗര്യ ചടങ്ങിനിടെ വ്യക്തമാക്കി.

''ഉത്തർപ്രദേശിൽ ബിജെപിയുടെ അന്ത്യത്തിനായി കാഹളം മുഴങ്ങി. യുപിയിലെയും ഭാരത്തിലെയും ജനങ്ങളെ ബിജെപി തെറ്റിദ്ധരിപ്പിച്ച്, കണ്ണിൽ പൊടിയിട്ട് ചൂഷണം ചെയ്തു. ഇനിയും ഇത് അനുവദിക്കരുത്. സംസ്ഥാനത്തെ ബിജെപിയുടെ ചൂഷണത്തിൽ നിന്ന് മോചിപ്പിക്കണം. 2024ൽ ഇന്ത്യ ആര് ഭരിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും. ഉത്തർപ്രദേശിലെ അടുത്ത മുഖ്യമന്ത്രി അഖിലേഷ് യാദവാകും.'' സ്വാമി പ്രസാദ് മൗര്യ പറഞ്ഞു.

യോ​ഗി ആ​ദിഥ്യനാഥിനെതിരെ കഴിഞ്ഞ കുറേനാളുകളായി പാർട്ടിക്കുള്ളിൽ നടക്കുന്ന വിമത നീക്കങ്ങളാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നത്. നേരത്തെ അഖിലേഷ് മുഖ്യമന്ത്രിയായിരിക്കെ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു സ്വാമി പ്രസാദ് മൗര്യ. 5 തവണ എംഎൽഎയായിട്ടുമുണ്ട്. തന്റെ രാജി ബിജെപിക്ക് തെരെഞ്ഞെടുപ്പിൽ വലിയ ആഘാതമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചാണ് മൗര്യ പാളയം വിട്ടത്.

Next Story