Top

വിവാദ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പ്രധാനമന്ത്രിയുടെ ഓഫീസുമായുള്ള കൂടിയാലോചനയ്ക്കു ശേഷം കേന്ദ്ര കൃഷി മന്ത്രാലയമാണ് ബില്ലിന് അന്തിമരൂപം തയ്യാറാക്കിയത്.

24 Nov 2021 12:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിവാദ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
X

ന്യൂഡല്‍ഹി: വിവാദ കാർഷിക നിയമങ്ങൾ പിന്‍വലിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയുടെ ഓഫീസുമായുള്ള കൂടിയാലോചനയ്ക്കു ശേഷം കേന്ദ്ര കൃഷി മന്ത്രാലയമാണ് ബില്ലിന് അന്തിമരൂപം തയ്യാറാക്കിയത്. ബില്ല് ചർച്ചയ്ക്ക് എടുത്ത മന്ത്രിസഭ പാർലമെന്റില്‍ അവതരിപ്പിക്കാന്‍ അംഗീകാരം നല്‍കുകയായിരുന്നു. സൗജന്യഭക്ഷ്യധാന്യ പദ്ധതി തുടരാനും മന്ത്രിസഭ തീരുമാനമെടുത്തു.

ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) നിയമം 2020, കർഷകർക്ക് (ശാക്തീകരണവും സംരക്ഷണവും) താങ്ങുവില, കാർഷിക സേവന നിയമം 2020, അവശ്യസാധനങ്ങൾ (ഭേദഗതി) നിയമം 2020 എന്നീ മൂന്ന് വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള റിപ്പെല്‍ ബില്‍ ഇതോടെ പാർലമെന്റിലെത്തും.

കഴിഞ്ഞ നവംബർ 20 ന് നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനമുണ്ടായെങ്കിലും പാർലമെന്റ് നടപടികള്‍ പൂർത്തിയാകാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് കർഷക സംഘടനകള്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നവംബര്‍ 29 ന് 60 ട്രാക്ടറുകളുമായി പാര്‍ലമെന്റിലേക്ക് റാലി നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പ്രഖ്യാപിച്ചു. സർക്കാരുമായി നേരിട്ട് സംവദിക്കാനാണ് പാർലമെന്റിലേക്കുള്ള യാത്രയെന്നും 1000 പ്രതിഷേധക്കാർ റാലിയില്‍ പങ്കെടുക്കുമെന്നും ടിക്കായത്ത് വാർത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.


Next Story

Popular Stories