Top

'പരാജയപ്പെട്ട ധാമി വേണ്ട'; മുഖ്യമന്ത്രിയില്‍ തീരുമാനമാവാതെ ഉത്തരാഖണ്ഡ് ബിജെപി

70 അംഗ സംസ്ഥാന നിയമസഭയില്‍ 47 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയത്

12 March 2022 2:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പരാജയപ്പെട്ട ധാമി വേണ്ട; മുഖ്യമന്ത്രിയില്‍ തീരുമാനമാവാതെ ഉത്തരാഖണ്ഡ് ബിജെപി
X

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഭരണത്തുടര്‍ച്ച ലഭിച്ചിട്ടും ബിജെപി ആശയക്കുഴപ്പത്തില്‍. നിലവിലെ മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പില്‍ ബിജെപിയെ മുന്നില്‍ നിന്നും നയിക്കുകയും ചെയ്ത പുഷ്‌കര്‍ സിംഗ് ധാമി സ്വന്തം മണ്ഡലത്തില്‍ പരാജയമേറ്റുവാങ്ങിയതോടെ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കഴിയാതെ വലയുകയാണ് ദേശീയ നേതൃത്വം. 70 അംഗ സംസ്ഥാന നിയമസഭയില്‍ 47 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയത്.

ഒരു വിഭാഗം സംസ്ഥാന നേതാക്കള്‍ ധാമി തന്നെ തുടരണമെന്ന് ആവശ്യപ്പെടുമ്പോള്‍ മറ്റൊരു വിഭാഗം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പുതിയ മുഖത്തെ തേടണമെന്നാണ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെയാണ് സംസ്ഥാന ബിജെപി മാറി മാറി പരീക്ഷിച്ചത്. എന്നാല്‍, പാര്‍ട്ടിയേയും ഭരണത്തേയും സ്ഥിരതയോടെ നയിച്ചതും ഭരണതുടര്‍ച്ചയ്ക്ക് കാരണക്കാരനായതും ധാമിയാണെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ അവകാശപ്പെടുന്നത്.

തോല്‍വി നേരിട്ട ധാമിയെ മുഖ്യമന്ത്രിയാക്കി ആറുമാസത്തിനുള്ളില്‍ മറ്റൊരു മണ്ഡലത്തില്‍ മത്സരിപ്പിച്ച് നിയമസഭയില്‍ തിരിച്ചെത്തിക്കാം എന്നാണ് ഒരു വിഭാഗം നേതാക്കള്‍ കരുതുന്നത്. എന്നാല്‍, മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ രമേശ് പൊഖ്രിയാല്‍ നിഷാങ്ക്, അജയ് ഭട്ട്, സത്പല്‍ മഹാരാജ്, അനില്‍ ബലൂനി, ധന്‍സിംഗ് റാവത്ത് എന്നിവരേയും സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്. ജനങ്ങള്‍ വോട്ട് ചെയ്ത് പരാജയപ്പെടുത്തിയ ആളെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുന്നതില്‍ കേന്ദ്ര നേതൃത്വത്തിനും അതൃപ്തയുണ്ടെന്നാണ് സൂചന.

പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം ഔദ്യോഗികമായി അറിയിക്കുന്നത്. രണ്ട് മുതിര്‍ന്ന നേതാക്കളെ നിരീക്ഷകരായി കേന്ദ്ര നേതൃത്വം ഇങ്ങോട്ടേയ്ക്ക് അയക്കുമെന്നും ഇവര്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരോടും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളോടും സംസാരിക്കും. എന്നാല്‍, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിന്റെ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

STORY HIGHLIGHTS: Uncertainty over next CM after Dhami's loss in Uttarakhand

Next Story