Top

യുഡിഎഫ് എംപിമാര്‍ക്ക് മുഖത്തടിയും മര്‍ദ്ദനവും; ഡല്‍ഹി പൊലീസിന്റെ വിശദീകരണം

'അടിയേറ്റതല്ല, പൊലീസ് കയ്യേറ്റത്തിനിടെ ഹൈബിയുടെ മുഖത്ത് കൊണ്ടത് ക്യാമറ.'

24 March 2022 9:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഡിഎഫ് എംപിമാര്‍ക്ക് മുഖത്തടിയും മര്‍ദ്ദനവും; ഡല്‍ഹി പൊലീസിന്റെ വിശദീകരണം
X

ന്യൂഡല്‍ഹി: കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ച യുഡിഎഫ് എംപിമാരെ മര്‍ദ്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡല്‍ഹി പൊലീസ്. പേരും വിവരങ്ങളും വെളിപ്പെടുത്താതെ ചിലര്‍ പാര്‍ലമെന്റ് വളപ്പിനുള്ളില്‍ കയറാന്‍ ശ്രമിച്ചെന്നും ഇവരെ തടയുക മാത്രമാണ് ചെയ്തതെന്നും പൊലീസ് വിശദീകരിച്ചു. ആരെയും കൈയേറ്റം ചെയ്തിട്ടില്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കെറെയില്‍ പദ്ധതിക്കെതിരെ വിജയ് ചൗക്കില്‍ പ്രതിഷേധിക്കുകയായിരുന്ന എംപിമാരെയാണ് ഡല്‍ഹി പൊലീസ് മര്‍ദ്ദിച്ചത്. ടി എന്‍ പ്രതാപനെയും, കെ മുരളീധരനെയും പിടിച്ചു തള്ളിയെന്നും എംപിമാര്‍ ആരോപിച്ചു. വനിത എംപിയെ തടഞ്ഞത് പുരുഷ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു എന്നും എപിമാര്‍ പറഞ്ഞു. പുരുഷ പൊലീസ് തന്നെ മര്‍ദിച്ചെന്നായിരുന്നു സംഘര്‍ഷത്തിന് പിന്നാലെ രമ്യ ഹരിദാസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

എംപിമാരാണെന്ന് അറിയിച്ചിട്ട് പോലും പിടിച്ച് വലിച്ച് ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചതായി കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. പൊലീസ് നടപടി പാര്‍ലമെന്റ് അംഗങ്ങളുടെ പ്രിവിലേജിന് വിരുദ്ധമാണെന്നും എംപിമാര്‍ ആരോപിച്ചു. സംഭവത്തിന് പിന്നാലെ വിഷയം ചൂണ്ടിക്കാട്ടി ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയതായും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. സ്പീക്കര്‍ ഓം ബിര്‍ള എംപിമാരെ ചേംബറിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നാലെയാണ് സ്പീക്കര്‍ക്ക് എം.പിമാര്‍ പരാതി നല്‍കിയത്. ചോദ്യോത്തര വേളയില്‍ വിഷയം അവതരിപ്പിക്കുമെന്നും എംപി പ്രതികരിച്ചു.

ലോക്‌സഭയില്‍ സില്‍വര്‍ ലൈന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഹൈബി ഈഡന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

'അടിയേറ്റതല്ല, പൊലീസ് കയ്യേറ്റത്തിനിടെ ഹൈബിയുടെ മുഖത്ത് കൊണ്ടത് ക്യാമറ'

ന്യൂഡല്‍ഹി: പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെ യുഡിഎഫ് എംപിമാര്‍ക്ക് നേരെ ഉണ്ടായ പൊലീസ് നടപടികള്‍ക്കിടെ ഹൈബി ഈഡന്‍ എംപിയുടെ മുഖത്തേറ്റ പ്രഹരം പൊലീസ് തല്ലിയതല്ലെന്ന് ദൃശ്യങ്ങള്‍. പൊലീസുമായുള്ള ഉന്തിനും തള്ളിനും ഇടയില്‍ സമീപത്തുണ്ടായിരുന്നു മാധ്യമ പ്രവര്‍ത്തകകരില്‍ ഒരാളുടെ ക്യാമറയായിരുന്നു എംപിയുടെ മുഖത്ത് തട്ടിയത്. സംഘര്‍ഷത്തിനിടെ പിന്നാലെ മുഖം പൊത്തി പിന്‍വാങ്ങുന്ന ഹൈബി ഈഡന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതാണ് എംപിക്ക് മുഖത്ത് അടിയേറ്റു എന്ന നിലയില്‍ വ്യാഖ്യാനിക്കപ്പെട്ടത്. മുഖത്ത് തട്ടിയത് എന്താണ് എന്നറിയാതെ ആയിരുന്നു ഹൈബിയും, മറ്റ് എംപിമാരും വിഷയത്തില്‍ ആദ്യ പ്രതികരണം നടത്തിയത്. പിന്നാലെ പുറത്ത് വന്ന ദൃശ്യങ്ങളിലാണ് മുഖത്ത് ക്യാമറ തട്ടുന്നത് വ്യക്തമായത്.

Next Story