Top

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി; ദേശീയ നിര്‍വ്വാഹകസമിതി യോഗം വിളിച്ച് ഉദ്ദവ് താക്കറെ

24 Jun 2022 5:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി; ദേശീയ നിര്‍വ്വാഹകസമിതി യോഗം വിളിച്ച് ഉദ്ദവ് താക്കറെ
X

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ശിവസേന ദേശീയ നിര്‍വ്വാഹകസമിതി യോഗം വിളിച്ചു. ശനിയാഴ്ച ഒരു മണിക്ക് സേനാ ഭവനിലാണ് യോഗം ചേരുക. ശിവസേനയുടെ ഭൂരിഭാഗം എംഎല്‍എമാരും തന്റെ കൂടെയാണെന്ന് നിയമസഭ കക്ഷി നേതാവ് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പിന്തുണ ഉദ്ദവ് താക്കറെയ്ക്കുണ്ട്. വിമത എംഎല്‍എമാര്‍ക്കെതിരെ ശിവസേന പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ മഹാരാഷ്ട്രയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അഘാഡി സഖ്യത്തില്‍ നിന്ന് ശിവസേന പിന്‍മാറണം എന്ന ആവശ്യമാണ് ഏക്‌നാഥ് ഷിന്‍ഡെ മുന്നോട്ട് വയക്കുന്നത്. ബാലസാഹേബ് താക്കറെയുടെയും ആനന്ദ് ഡിങ്കെയുടെയും പാത പിന്തുടരണമെന്നുമാണ് വിമതരുടെ ആവശ്യം. മറ്റൊരു ദേശീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന സൂചനയും ഷിന്‍ഡെ നല്‍കുന്നുണ്ട്. അടുത്ത് തന്നെ ഗവര്‍ണറെ കാണാ നുള്ള നീക്കത്തിലാണ് വിമത ക്യാമ്പ്. എന്നാല്‍ വിമതരുമായി പോരാടന്‍ തന്നെയാണ് താക്കറെയുടെ തീരുമാനം. അത്യാഗ്രഹം കൊണ്ടാണ് അവര്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞതെന്നും താക്കറെ കുറ്റപ്പെടുത്തി.

' 2012ല്‍ ബാലസാഹേബ് താക്കറെയുടെ മരണത്തിന് ശേഷം ഷിന്‍ഡെയ്ക്ക് രണ്ട് തവണ മന്ത്രി പദം നല്‍കി. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പാണ് ഷിന്‍ഡെക്ക് നല്‍കിയത്. ബാലസാഹേബ് താക്കറെ എന്ന പേര് ഉപയോഗിക്കാതെ നിങ്ങള്‍ക്ക് നിലനില്‍പ്പുണ്ടോ' എന്ന് ഉദ്ദവ് താക്കറെ ചോദിച്ചു.

രാഷ്ട്രീയ പ്രതിസന്ധി അവലോകനം ചെയ്യാന്‍ ഉദ്ദവ് താക്കറെയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അഘാഡി സഖ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ പ്രതിപക്ഷം ഉയര്‍ത്തി കൊണ്ടു വന്ന വിഷയമാണിതെന്നാണ് എന്‍സിപി നേതാക്കള്‍ വിലയിരുത്തുന്നത്. 16 എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള താക്കറെയുടെ നീക്കത്തിനെതിരെ ചില സ്വതന്ത്ര എംഎല്‍എമാര്‍ എതിര്‍ത്തു. താക്കറെയുടെ ആവശ്യം ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍ അംഗീകരിച്ചിരുന്നു. തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കറെ നീക്കണമെന്ന ആവശ്യവുമായി വിമത എംഎല്‍എമാര്‍ ഗവര്‍ണറെ സമീപിച്ചു.

മഹാരാഷ്ട്രയിലെ പ്രതിസന്ധിയില്‍ നിന്ന് തല്‍ക്കാലം വിട്ടു നില്‍ക്കാനാണ് ബിജെപി തീരുമാനം. രാഷ്ട്രീയ സംഭവവികാസങ്ങളില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. 87 അംഗങ്ങളുള്ള നിയമസഭയില്‍ 169 എംഎല്‍എമാരാണ് അഘാഡി സഖ്യത്തിനുണ്ടായിരുന്നത്. വിമത എംഎല്‍എമാര്‍ രാജി വച്ചാല്‍ അഘാഡി സഖ്യം ബിജെപിക്ക് മുന്നില്‍ കീഴടങ്ങേണ്ടി വരും.

STORY HIGHLIGHT: Uddhav Thackeray has called Shiv Sena's national executive meeting

Next Story