Top

രാഹുൽ ​ഗാന്ധിക്കെതിരെ വധ ഭീഷണി; മധ്യപ്രദേശിൽ രണ്ടു പേർ അറസ്റ്റിൽ

1984ലെ സിഖ് വിരുദ്ധ കലാപം പരാമർശിച്ചു കൊണ്ടായിരുന്നു കത്ത്

19 Nov 2022 3:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഹുൽ ​ഗാന്ധിക്കെതിരെ വധ ഭീഷണി; മധ്യപ്രദേശിൽ രണ്ടു പേർ അറസ്റ്റിൽ
X

ഭോപാൽ: രാഹുൽ ​ഗാന്ധി എംപിക്കെതിരെ വധ ഭീഷണി മുഴക്കി കത്തയച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കേസിലുൾപ്പെട്ട മറ്റ് മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഇവരെ പിടികൂടാനായി പൊലീസ് ഹരിയാനയിലേക്ക് തിരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നവംബർ 28ന് ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലെ ഇൻഡോറിലെ ഖൽസ സ്റ്റേഡിയത്തിൽ പ്രവേശിച്ചാൽ ബോംബ് സ്ഫോടനം നടത്തുമെന്നായിരുന്നു അജ്ഞാത കത്തിലൂടെയുളള ഭീഷണി. 1984ലെ സിഖ് വിരുദ്ധ കലാപം പരാമർശിച്ചു കൊണ്ടായിരുന്നു കത്ത്. രാഹുൽ ​ഗാന്ധിയെ കൂടാതെ മധ്യപ്രദേശ് കോൺ​ഗ്രസ് അദ്ധ്യക്ഷൻ കമൽ നാഥിനേയും വധിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. ഖൽസ സ്റ്റേഡിയത്തിൽ നടത്തിയ ഗുരു നാനാക് ജയന്തിയോട് അനുബന്ധിച്ച ചടങ്ങിൽ കമൽ നാഥിനെ ആദരിച്ചത് വിവാദമായിരുന്നു.

മധ്യപ്രദേശിലെ ജുനി മേഖലയിലുളള പലഹാര കടയിലാണ് കത്ത് ലഭിച്ചത് എന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് വേണ്ട സുരക്ഷ നൽകുമെന്നും അത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും നരോത്തം മിശ്ര പറഞ്ഞു.

സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 507 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഭാരത് ജോഡോ യാത്ര സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചാൽ കരിങ്കൊടി കാണിക്കുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നവബർ 20നാണ് ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലെ ബുർഹാൻപൂരിലെത്തുക.

STORY HIGHLIGHTS: two people arrested over threat letter to rahul gandhi in madhya pradesh

Next Story