'ഗ്രാമീണര്‍ ഓവുചാല്‍ മണ്ണിട്ട് നികത്തി'; ബെംഗളൂരു-മൈസൂരു അതിവേഗപാതയിലെ വെള്ളക്കെട്ടില്‍ വിശദീകരണം
വെളളകെട്ടിൽ കുടുങ്ങിയ കാറിനു പിന്നാലെ മറ്റ് വാഹനങ്ങൾ വന്നിടിച്ച് അപകടമുണ്ടായിരുന്നു.
19 March 2023 1:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗപാതയിലെ വെളളക്കെട്ടിന് കാരണം ഗ്രാമീണരാണെന്ന് കർണാടക റോഡ് ഗതാഗത, ദേശീയപാത വകുപ്പ്. രാമനഗരം മേഖലയിലെ ഓവുചാൽ ഗ്രാമീണർ അടച്ചതാണ് വെളളക്കെട്ട് രൂപപ്പെടാൻ കാരണമായത്. മദപുരത്തേയും സമീപ ഗ്രാമങ്ങളിലേയും ഗ്രാമീണർ അതിവേഗപാതയുടെ ഓവുചാൽ മണ്ണിട്ടു നികത്തിയത്. അവരുടെ ഗ്രാമങ്ങളിലേക്കും കൃഷിയിടത്തിലേക്കും കടക്കുന്നതിന് വേണ്ടിയാണ് മണ്ണിട്ടുനികത്തിയത്. മാർച്ച് 18 ന് മണ്ണ് നീക്കം ചെയ്തതായും ഗതാഗത വകുപ്പ് ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
തങ്ങളുടെ കൃഷിയിടങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പ്രവേശിക്കുന്നതിനായി മദപുരത്തേയും സമീപഗ്രാമങ്ങളിലേയും ഗ്രാമീണര്‍ അതിവേഗപാതയുടെ 42+640 ഭാഗത്തുള്ള ഓവുചാല്‍ മൂന്ന് മീറ്ററോളം വീതിയില്‍ മണ്ണിട്ടുനികത്തി എളുപ്പവഴി നിര്‍മിച്ചു. ഇതോടെ ഓവുചാലിലൂടെയുള്ള നീരൊഴുക്ക് തടസപ്പെടുകയും അതിവേഗപാതയില്‍ വെള്ളം കയറുകയും ചെയ്തു. ഗ്രാമീണര്‍ നിര്‍മിച്ച 'കുറുക്കുവഴി' മാര്‍ച്ച് 18ന് രാവിലെ തന്നെ നീക്കം ചെയ്തിട്ടുണ്ട്, കർണാടക റോഡ് ഗതാഗത, ദേശീയപാത വകുപ്പ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മാർച്ച് 12 ന് ആണ് 118 കിലോമീറ്റർ ദൈർഘ്യമുളള ബെംഗളൂരു-മൈസൂരു അതിവേഗപാത ഉദ്ഘാടനം ചെയ്തത്. മാർച്ച് 18 ന് പെയ്ത മഴയിൽ പാതയിൽ വെളളം കയറുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. ഗതാഗത കുരുക്കിന് പിന്നാലെ വാഹനാപകടവും ഉണ്ടായി. വെളളകെട്ടിൽ കുടുങ്ങിയ കാറിനു പിന്നാലെ മറ്റ് വാഹനങ്ങൾ വന്നിടിക്കുകയായിരുന്നു. വെളളക്കെട്ടിലൂടെ വാഹനങ്ങൾ നീങ്ങുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ട് ബിജെപി ധൃതിയിൽ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
STORY HIGHLIGHTS: Transport department explains about waterlogging on Bengaluru-Mysore Expressway