Top

ട്രാക്ടര്‍ റാലി മാറ്റി; കര്‍ഷക സമരം തുടരുമെന്ന് കര്‍ഷകസംഘടനകള്‍

ഡിസംബര്‍ നാലിന് മുമ്പ് കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കൊരുങ്ങിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും സംഘടന വ്യക്തമാക്കി.

27 Nov 2021 10:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ട്രാക്ടര്‍ റാലി മാറ്റി; കര്‍ഷക സമരം തുടരുമെന്ന് കര്‍ഷകസംഘടനകള്‍
X

29ാം തീയതി പാര്‍ലമെന്റിലേക്ക് കര്‍ഷകസംഘടനകള്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ട്രാക്ടര്‍ റാലി മാറ്റിവെച്ചു. അതേസമയം, കര്‍ഷക സമരം തുടരുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ഡിസംബര്‍ നാലിന് വീണ്ടും യോഗം ചേരാന്‍ കര്‍ഷക സംഘടനകള്‍ തീരുമനിച്ചു.

ഡിസംബര്‍ നാലിന് മുമ്പ് കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കൊരുങ്ങിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും സംഘടന വ്യക്തമാക്കി. കര്‍ഷകര്‍ ഉന്നയിച്ച ആറു കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമെ സമരത്തില്‍ നിന്ന് പിന്‍മാറുകയൊളളൂവെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ഏകപക്ഷീയ തീരുമാനം കൈകൊളളരുതെന്നാണ് കര്‍ഷക സംഘടനകളുടെ അഭിപ്രായം.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്മിശ്രയുടെ രാജി, വിളകള്‍ക്ക് താങ്ങുവില പ്രാഖ്യാപിക്കുക, സമരത്തിനിടെ ജീവന്‍വെടിഞ്ഞ കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം, കര്‍ഷകര്‍ക്കുമേലുളള കേസുകള്‍ പിന്‍വലിക്കല്‍ എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമാണ് സമരത്തില്‍ നിന്ന് പിന്മാറുകയെന്നാണ് കര്‍ഷകരുടെ നിലപാട്. അതേസമയം തിങ്കളാഴ്ച ചേരുന്ന ലോക്‌സഭാ സമ്മേളനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുളള ബില്ല് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കും.

നവംബര്‍ 20ന് നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനമുണ്ടായെങ്കിലും പാര്‍ലമെന്റ് നടപടികള്‍ പൂര്‍ത്തിയാകാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ഷക സംഘടനകള്‍ നേരത്തെ അറിയിച്ചിരുന്നു.



Next Story