Top

'ലൈംഗികാതിക്രമം നേരിട്ടവരുടെ വിവരങ്ങള്‍ കൈമാറണം';രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അദാനിക്കെതിരെ ആരോപണം ഉന്നയിച്ചതിനാലാണ് പൊലീസ് നടപടിയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു

19 March 2023 6:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലൈംഗികാതിക്രമം നേരിട്ടവരുടെ വിവരങ്ങള്‍ കൈമാറണം;രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ ഡല്‍ഹി പൊലീസ്
X

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തി. സ്ത്രീകള്‍ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ച സ്ത്രീകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മാര്‍ച്ച് 16ന് കോണ്‍ഗ്രസ് നേതാവിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രാഹുല്‍ ഇതില്‍ പ്രതികരിച്ചിരുന്നില്ല.

തങ്ങളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറരുതെന്ന് സ്ത്രീകള്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു. 45 ദിവസങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹി പൊലീസ് വിവരങ്ങള്‍ അന്വേഷിച്ച് എത്തിയിരിക്കുന്നതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര രംഗത്തെത്തി. 'രാഹുല്‍ ഗാന്ധിയെ ഭയപ്പെടുത്തി വിവരങ്ങള്‍ തേടാനാണ് പൊലീസ് ശ്രമിക്കുന്നത്. ഡല്‍ഹി പൊലീസിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണ്. അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ മോദിക്ക് വേദനിച്ചു. അതിന്റെ തെളിവാണ് ഈ പൊലീസ് നടപടി', പവന്‍ ഖേര കുറ്റപ്പെടുത്തി.

സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. 'സ്ത്രീകള്‍ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായി ശ്രീനഗറില്‍ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി സ്ത്രീകളുടെ വിശദാംശങ്ങള്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് അറിയാന്‍ ഡല്‍ഹി പൊലീസിന് താല്‍പ്പര്യമുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, സ്‌പെഷ്യല്‍ കമ്മീഷണര്‍ ഓഫ് പൊലീസ് എന്നിവര്‍ ചേര്‍ന്ന് സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായി രാഹുല്‍ ഗാന്ധിയുമായി സംസാരിക്കും. വിശദാംശങ്ങള്‍ നല്‍കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടാല്‍ വീണ്ടും നോട്ടീസ് അയക്കും', ഡല്‍ഹി പൊലീസ് അറിയിച്ചു.

STORY HIGHLIGHTS: Top officers of the Delhi Police today reached Rahul Gandhi's residence

Next Story