Top

പ്രചാരണത്തിന് കാശിറക്കിയത് തൃണമൂല്‍; ജയിച്ചപ്പോള്‍ സഖ്യകക്ഷിയുടെ പിന്തുണ ബിജെപിക്ക്

പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങള്‍ മുന്‍നിര്‍ത്തിയുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗോവ മിഷന്‍ പരാജയമെന്ന് വിലയിരുത്തല്‍

13 March 2022 2:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രചാരണത്തിന് കാശിറക്കിയത് തൃണമൂല്‍; ജയിച്ചപ്പോള്‍ സഖ്യകക്ഷിയുടെ പിന്തുണ ബിജെപിക്ക്
X

പനജി: പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങള്‍ മുന്‍നിര്‍ത്തിയുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗോവ മിഷന്‍ പരാജയമെന്ന് വിലയിരുത്തല്‍. പണച്ചെലവേറിയ പ്രചാരണ രീതികള്‍കൊണ്ട് കാര്യമായ നേട്ടമൊന്നും പാര്‍ട്ടിക്ക് ഉണ്ടായില്ലെന്നാണ് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്. 40 അംഗ നിയമസഭയില്‍ ബിജെപി 20 സീറ്റും കോണ്‍ഗ്രസ് 11 സീറ്റുകളും നേടിയിരുന്നു. സംസ്ഥാനത്ത് ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട പാര്‍ട്ടിയ്ക്ക് ഇവിടെ സീറ്റുകള്‍ ഒന്നും നേടാനായില്ല. എഎപി രണ്ട് സീറ്റുകള്‍ നേടിയിരുന്നു.

തെരഞ്ഞെടുപ്പില്‍ ബിജെപിയെ നയിച്ചത് പ്രമോദ് സാവന്തായിരുന്നു. കഴിഞ്ഞ തവണ ബിജെപിയുമായി സഖ്യത്തിലുണ്ടായിരുന്ന മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടി, പ്രമോദ് സാവന്തിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യമുപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ തൃണമൂലുമായി ചേര്‍ന്നാണ് എംജിപി മത്സരിച്ചത്. ഇതോടെ തങ്ങളുടേതിന് പുറമേ എംജിപിയുടെ പ്രചാരണ ചെലവുകളും തൃണമൂലിന്റെ ബാധ്യതയായി. സംസ്ഥാനത്ത് തന്നെ ഏറ്റവും ചെലവേറിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഈ സഖ്യമായിരുന്നു.

എന്നാല്‍, തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാനുള്ള കേവല ഭൂരിപക്ഷം ഇവര്‍ക്കില്ല. ഇതോടെ രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ പാര്‍ട്ടി തേടി. പ്രമോദ് സാവനന്തിനെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് നേരത്തെ നിലപാടെടുത്ത എംജിപി, ബിജെപി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ നഷ്ടമുണ്ടായിരിക്കുന്നത് തൃണമൂലിനാണ്. തങ്ങള്‍ക്കൊപ്പം നിന്ന് പ്രചാരണത്തിന്റെ സാമ്പത്തിക ആനുകൂല്യങ്ങള്‍ അനുഭവിച്ച ശേഷം ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതില്‍ തൃണമൂലിന് അതൃപ്തിയുണ്ട്.

ഇതിന് പുറമെ, കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയില്‍ എത്തിച്ചുള്ള പ്രശാന്ത് കിഷോറിന്റെ നീക്കങ്ങള്‍ ഫലപ്രദമാകാത്തതിലും ഭിന്നസ്വരങ്ങള്‍ ഉയരുന്നുണ്ട്. മുന്‍ മുഖ്യമന്ത്രിയായ ചര്‍ച്ചില്‍ അലേമോ, താന്‍ അഞ്ച് തവണ പ്രതിനിധീകരിച്ച ബനേലിം മണ്ഡലത്തില്‍ എഎപിയോടാണ് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയിലെത്തിയ ലൂസിഞ്ഞോ ഫലേറിയോയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കിയങ്കിലും അദ്ദേഹം മുമ്പ് വിജയിച്ചിരുന്ന നവേലിമില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി 430 വോട്ടിന് പരാജയപ്പെടുകയായിരുന്നു.

STORY HIGHLIGHTS: TMC funded the campaign of Maharashtrawadi Gomantak Party, pledged the support of its two MLAs to BJP

Next Story