വിഡി സതീശന് ഏറ്റെടുത്ത തൃശ്ശൂരിലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളവസാനിക്കുന്നില്ല; പ്രതിപക്ഷ നേതാവ് തന്നെ നേരിട്ടെത്തിയിട്ടും തുടരുന്ന വാശി
26 Oct 2022 6:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശ്ശൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഒരു സീറ്റില്‍ ഒതുങ്ങിയിട്ടും ഉള്‍പ്പാര്‍ട്ടി പോര് തുടര്‍ന്ന് തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍. സംസ്ഥാന നേതാക്കള്‍ അഴിക്കാന്‍ നോക്കുന്തോറും കൂടുതല്‍ കുരുക്കായി മാറുകയാണ് തൃശ്ശൂരിലെ സംഘടന. ദിവസങ്ങളോളം പല യോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് പല കോണ്‍ഗ്രസ് നേതാക്കളും.
സ്വന്തം ജില്ലയായ എറണാകുളത്തോടൊപ്പം തൃശ്ശൂരിന്റെയും ചുമതല പ്രതിപക്ഷ നേതാവ് വിഡി സതീശന് സ്വയം ഏറ്റെടുത്തിട്ടുള്ളതാണ്. അത് കൊണ്ട് തന്നെ പ്രതിപക്ഷ നേതാവിന്റെ തൃശ്ശൂര്‍ സന്ദര്‍ശനത്തോടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് കരുതിയിരുന്നതെങ്കിലും നേതാക്കള്‍ക്കിടയില്‍ മഞ്ഞുരുക്കം സംഭവിച്ചിട്ടില്ല.
യുഡിഎഫ് ജില്ലാ നേതൃയോഗത്തിനാണ് വിഡി സതീശന് തൃശ്ശൂരിലെത്തിയത്. മുന്നണിയുടെ പുതിയ ചെയര്‍മാന്റെ സ്ഥാനാരോഹരണവും നിശ്ചയിച്ചിരുന്നു. പരിപാടിയൊക്കെ നിശ്ചയിച്ച പോലെ നടന്നെങ്കിലും ഒട്ടും ആവേശം സൃഷ്ടിക്കാതെയാണ് അവസാനിച്ചത്.
ജനപ്രതിനിധികളടക്കം പല പ്രമുഖ നേതാക്കളും പരിപാടിക്കെത്തിയില്ല. എംപിമാരായ ബെന്നി ബെഹ്നാന്, രമ്യാ ഹരിദാസ്, സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ എന്നീ പ്രമുഖ ജനപ്രതിനിധികളൊന്നും എത്തിയില്ല. പിഎ മാധവന്, ഒ അബ്ദുറഹ്മാന്‍കുട്ടി, പദ്മജ വേണുഗോപാല്‍, എംപി ജാക്സണ്, സിഓ ജേക്കബ്ബ് തുടങ്ങിയ നേതാക്കളും യോഗത്തിനെത്തിയില്ല.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളുണ്ടായിരുന്നുവെങ്കിലും കെഎസ്യു പ്രതിനിധികളുണ്ടായിരുന്നില്ല. സതീശനെ സ്വീകരിച്ചാനയിക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രതീക്ഷിച്ച ആളില്ലാത്തതിനാല്‍ അക്കാര്യം വേണ്ടെന്ന് വെച്ചു. പ്രതിപക്ഷ നേതാവിനെ അണിയിക്കാന്‍ വലിയ പൂമാലയും പുഷ്പകിരീടവും സംഘാടകര്‍ തയ്യാറാക്കിയിരുന്നുവെങ്കിലും പങ്കാളിത്തക്കുറവിലും മറ്റും അസ്വസ്ഥനായ സതീശന് കിരീടം സ്വീകരിക്കാന്‍ തയ്യാറായില്ലെന്നാണ് വിവരം. എത്തിയ കോണ്‍ഗ്രസ് നേതാക്കളാവട്ടെ സ്വന്തം പ്രസംഗം പൂര്‍ത്തിയാക്കിയതിന് ശേഷം സ്ഥലം വിടുകയും ചെയ്തു. അതേ സമയം യുഡിഎഫ് ഘടകകക്ഷികളുടേയും സാധാരണ പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യമാണ് മുഖം സംരക്ഷിച്ചതെന്ന അഭിപ്രായമാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ക്കുള്ളത്.
കേരളത്തില്‍ എറണാകുളത്തും തൃശ്ശൂരിലും തെരഞ്ഞെടുപ്പ് പ്രകടനം മികച്ചതായി മാറ്റിയാല്‍ മാത്രമേ സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയൂ എന്നാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും വിലയിരുത്തല്‍. അത് കൊണ്ട് തന്നെ പ്രകടനം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആലോചിക്കുവാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് തന്നെ ഇരുജില്ലകളുടെയും ചുമതല ഏറ്റെടുത്തത്. എന്നാല്‍ ഇനിയും ഏറെ പണിപ്പെടേണ്ടി വരും ആ നീക്കം നടപ്പിലാക്കിയെടുക്കാനെന്ന സൂചനയാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്നത്.
Story Highlights: thrissur congress have problems
- TAGS:
- VD Satheesan
- CONGRESS
- Thrissur
- UDF