Top

'കേന്ദ്ര സർക്കാർ കശ്മീരിലെ പണ്ഡിറ്റുകളെ പറ്റിക്കുകയാണ്' ; വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് ഉദ്ധവ് താക്കറെ

കശ്മീരിൽ കേന്ദ്ര സർക്കാർ വേണ്ടത്ര ഇടപെടൽ നടത്തിയില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

5 Jun 2022 6:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേന്ദ്ര സർക്കാർ കശ്മീരിലെ പണ്ഡിറ്റുകളെ പറ്റിക്കുകയാണ് ; വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് ഉദ്ധവ് താക്കറെ
X

മുംബൈ: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ഉദ്ധവ് താക്കറെ. കശ്മീരിൽ കേന്ദ്ര സർക്കാർ വേണ്ടത്ര ഇടപെടൽ നടത്തിയില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. കശ്മീർ പുനസംഘടനക്കേറ്റ കനത്ത തിരിച്ചടിയാണ് തീവ്രവാദി ആക്രമണങ്ങളെന്ന് ആരോപിച്ച് കോൺ​ഗ്രസ് രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താക്കറെയുടെ വിമർശനം.

'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കശ്മീരിലെ താഴ്വരയിൽ താമസിക്കുന്ന സാധാരണക്കാരെയും ഹിന്ദുക്കളെയും ലക്ഷ്യം വെച്ച് തീവ്രവാദികൾ വെടിയുതിർക്കുകയാണ്. കശ്മീരി പണ്ഡിറ്റുകൾ ഉൾപ്പടെ നൂറു കണക്കിന് ആളുകളാണ് ഇവിടെ നിന്ന് പലായനം ചെയ്യുന്നത്. ഇവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിന്റേതാണ്. എന്നാൽ, കേന്ദ്രം ഈ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്ന്' അദ്ദേഹം ആരോപിച്ചു.

'കശ്മീരി പണ്ഡിറ്റുകളായ സർക്കാർ ഉദ്യോഗസ്ഥർക്ക് ഉടനെ ജമ്മു മേഖലയിലേക്കോ, സുരക്ഷിതമായ ഉൾഗ്രാമങ്ങളിലേക്കോ സ്ഥലംമാറ്റം നൽകാമെന്ന് പറഞ്ഞ് സർക്കാർ പറ്റിക്കുകയാണ്. സ്വന്തം നിലയിൽ അവർ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ തീവ്രവാദികൾ അവരെ കൊലപ്പെടുത്തുകയാണ്. ഇത് വളരെ വേദനാജനകമായ കാര്യമാണന്ന്' അദ്ദേഹം പറഞ്ഞു.

'1995ൽ മഹാരാഷ്ട്രയിൽ ശിവസേന സർക്കാർ രൂപീകരിച്ചപ്പോൾ ശിവസേന തലവൻ ബാലാസാഹേബ് താക്കറെ മഹാരാഷ്ട്രയിലെ കശ്മീരി പണ്ഡിറ്റുകളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി സംവരണം അനുവദിച്ചിരുന്നു. അതിനുശേഷം ഇന്ന് വരെ കശമീരുമായി നല്ല ബന്ധമാണ് മഹാരാഷ്ട്ര സൂക്ഷിക്കുന്നതെന്നും അതുകൊണ്ട് തന്നെ കശ്മീരിലെ പണ്ഡിറ്റുകൾ ഉൾപ്പടെയുള്ള എല്ലാവർക്കും എല്ലാവിധ സഹായങ്ങളും നൽകുമെന്ന്' അദ്ദേഹം വാ​ഗ്ദാനം ചെയ്തു.

കശ്മീരിലെ സ്ഥിതി വളരെ ആശങ്കാജനകവും ദൗർഭാഗ്യകരവുമാണ്. കശ്മീർ ജനതയുടെ സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും താക്കറെ ആവശ്യപ്പെട്ടു.

കഴിഞ്ഞ ആഴ്ച്ച കുല്‍ഗാമില്‍ തീവ്രവാദികള്‍ ബാങ്ക് മാനേജറായ വിജയകുമാറിനെ കൊലപ്പെടുത്തിയിരുന്നു. കുല്‍ഗാമിലെ മോഹന്‍പോറയില്‍ ഇ ഡി ബാങ്കില്‍ കയറിയാണ് തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ വിജയകുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനുമുമ്പ് സ്കൂളിൽ കയറി അധ്യാപികയെയും തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു. അധ്യാപികക്ക് പുറമെ ബദ്ഗാമില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രാഹുല്‍ ഭട്ട്, ടിവി താരം അമ്രീന്‍ ഭട്ട്, രഞ്ജിത് സിം​ഗ് എന്നിവരെയും തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു.

Story highlights: They were shown dreams to Pandits in Kashmir'; Uddhav Thackeray says he will provide necessary assistance

Next Story