യുക്രെെൻ വിഷയത്തിലെ ഹർജികൾ ഹൈക്കോടതികൾ പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി
യുക്രെെൻ വിഷയത്തിൽ ഹൈകോടതികൾ ഹർജികൾ പരിഗണിച്ച് നിർദേശങ്ങൾ നൽകുന്നതിൽ അർത്ഥമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു
4 March 2022 11:53 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യുക്രൈനിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സുപ്രീംകോടതിയിലുള്ളതിനാൽ അത്തരം ഹർജികൾ ഹൈക്കോടതികൾ പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. യുക്രെെനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ രക്ഷിതാക്കൾ ഹൈക്കോടതികളെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നിർദേശം.
യുക്രെെൻ വിഷയത്തിൽ ഹൈകോടതികൾ ഹർജികൾ പരിഗണിച്ച് നിർദേശങ്ങൾ നൽകുന്നതിൽ അർത്ഥമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസ് സുപ്രീംകോടതി പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകർ മുഖേന ഹൈക്കോടതികളോട് പറയാൻ അറ്റോർണി ജനറലിനെ തന്നെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചുമതലപ്പെടുത്തി
അതേസമയം യുക്രെെനിൽ നിന്നും ഇതുവരെ 17,000 ത്തോളം ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വിശദീകരിച്ചു. സർക്കാരിന്റെ രക്ഷാദൗത്യത്തെ പ്രശംസിച്ച സുപ്രീംകോടതി യുക്രൈനിൽ കുടുങ്ങിയവരുടെ കുടുംബാംഗങ്ങൾക്കായി ഓൺലൈൻ ഹെൽപ്പ്ലൈൻ തുടങ്ങുന്നത് പരിഗണിക്കാൻ ആവശ്യപ്പെട്ടു.
STORY HIGHLIGHTS: The Supreme Court has ruled that the High Court should not consider petitions in the Ukraine case