രാജസ്ഥാനില്‍ 19 ജില്ലകള്‍ കൂടി; ജനങ്ങളുടെ ആവശ്യത്തിനെന്ന് സര്‍ക്കാര്‍, രാഷ്ട്രീയ ലക്ഷ്യമെന്ന് ബിജെപി
ജില്ലകള്‍ ചെറിയതാണെങ്കില്‍ മാത്രമേ ക്രമസമാധാന നില പരിപാലിക്കാന്‍ കഴിയൂ
18 March 2023 7:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജയ്പൂര്‍: സംസ്ഥാനത്ത് 19 ജില്ലകളും മൂന്ന് ഡിവിഷണല്‍ ആസ്ഥാനങ്ങളും രൂപീകരിക്കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. ഡിവിഷണല്‍ ആസ്ഥാനത്ത് നിന്നും ദൂരെ താമസിക്കുന്ന ആളുകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് പുതിയ രൂപീകരണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ പദ്ധതിയെ വിമര്‍ശിച്ചുകൊണ്ട് ബിജെപി രംഗത്തെത്തി.
രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് ബിജെപി ആരോപിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ സാധിക്കുന്നതിന് വേണ്ടി്‌യാണ് അശോക് ഗെഹ്ലോട്ട് പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ദര രാജെ ആരോപിച്ചു. അതേസമയം ഗെഹ്ലോട്ട് നിയമസഭയില്‍ പദ്ധതിയിയെക്കുറിച്ച് വിശദീകരണം നല്‍കി. 'വിസ്തൃതിയില്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാന്‍. ചില സന്ദര്‍ഭങ്ങളില്‍ ജനങ്ങള്‍ക്ക് ജില്ലാ ആസ്ഥാനത്തേക്കെത്താന്‍ 100 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ടി വരും. ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ജില്ലാ ആസ്ഥാനത്ത് എത്താന്‍ സാധിക്കുന്നില്ല', രാജസ്ഥാന്‍ നിയമസഭയില്‍ മുഖ്യമന്ത്രി ഗെഹ്ലോട്ട് പറഞ്ഞു. ജില്ലകള്‍ ചെറിയതാണെങ്കില്‍ മാത്രമേ ക്രമസമാധാന നില പരിപാലിക്കാന്‍ കഴിയൂ എന്നും ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു.
പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 2000 കോടി രൂപയുടെ പദ്ധതികളാണ് ഗഹ്ലോട്ട് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗംഗാനഗറിന്റെ ഭാഗമായിരുന്ന അനൂപ്ഗഢ്, ബലോത്ര (ബാര്‍മര്‍), ബീവാര്‍ (അജ്മീര്‍), കെക്രി (അജ്മീര്‍), ദീഗ് (ഭരത്പൂര്‍), ദീദ്വാന-കുചമാന്‍ (നാഗൗര്‍), ദുഡു (ജയ്പൂര്‍), ഗംഗാപൂര്‍ സിറ്റി (സവായ് മധോപൂര്‍), ജയ്പൂര്‍ നോര്‍ത്ത്, ജയ്പൂര്‍ സൗത്ത്, ജോധ്പൂര്‍ ഈസ്റ്റ്, ജോധ്പൂര്‍ വെസ്റ്റ് , കോട്പുത്ലി-ബെഹ്റോര്‍ (ജയ്പൂര്‍-ആല്‍വാര്‍), ഖേര്‍ത്തല്‍ (അല്‍വാര്‍), നീം കാ താന (സിക്കാര്‍), ഫലോഡി (ജോധ്പൂര്‍), സലൂംബര്‍ (ഉദയ്പൂര്‍), സഞ്ചോര്‍ (ജലോര്‍), ഷാഹ്പുര (ഭില്‍വാര) തുടങ്ങിയവയാണ് പുതിയതായി രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ജില്ലകള്‍. പാലി, സികാര്‍, ബന്‍സ്വാര എന്നിവയാണ് പുതിയ ഡിവിഷണല്‍ ആസ്ഥാനങ്ങള്‍. നിലവില്‍ രാജസ്ഥാനില്‍ 33 ജില്ലകളാണുളളത്.
STORY HIGHLIGHTS; The Rajasthan government on Friday announced it will create 19 new districts and three more divisional headquarters in state