Top

അധികൃതരുടെ ഭാഗത്ത് നിന്നും വന്‍ വീഴ്ച്ച ; മോര്‍ബി പാലദുരന്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

സുരക്ഷാ കാവല്‍ക്കാര്‍ക്ക് പാലത്തിന്റെ സുരക്ഷാ പ്രോട്ടോക്കോളുകളെ സംബന്ധിച്ച യാതൊരുവിധ നിര്‍ദേശവും നല്‍കിയിരുന്നില്ല

22 Nov 2022 12:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അധികൃതരുടെ ഭാഗത്ത് നിന്നും വന്‍ വീഴ്ച്ച ; മോര്‍ബി പാലദുരന്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
X

ഗുജറാത്ത്: 130 പേരുടെ മരണത്തിനിടയാക്കിയ ഗുജറാത്തിലെ മോര്‍ബി പാലം അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വലിയ വീഴ്ച്ചയാണ് അപകട കാരണമെന്നാണ് ലഭിക്കുന്ന പുതിയ വിവരം. സംഭവത്തില്‍ പാലത്തിന്റെ പുനര്‍നിര്‍മാണം ഏറ്റെടുത്തിരുന്ന ഒറേവ ഗ്രൂപ്പിനും മോര്‍ബി മുന്‍സിപ്പാലിറ്റിക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിറക്കി.

പാലത്തിന്റെ അറ്റകുറ്റപ്പണി ഏറ്റെടുത്തിരുന്ന ഒറേവ ഗ്രൂപ്പ് 3165 ടിക്കറ്റുകളാണ് സംഭവം നടന്ന ദിവസമായ ഒക്ടോബര്‍ 30ന് വിറ്റഴിച്ചത്. ഔദവ്ജി രാഖവ്ജി പട്ടേല്‍ അഞ്ചുവര്‍ഷം മുമ്പ് സ്ഥാപിച്ച കമ്പനി അജന്ത, ഒര്‍പാറ്റ് ബ്രാന്‍ഡുകളില്‍ ക്ലോക്കുകള്‍ നിര്‍മ്മിച്ചാണ് പ്രശസ്തമായത്. പിന്നീട് കമ്പനി ഇലക്ട്രോണിക്‌സ് ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മ്മാണത്തിലേക്ക് കടന്നു.കഴിഞ്ഞ മാര്‍ച്ചിലാണ് പാലം അറ്റകുറ്റപ്പണിക്കും സംരക്ഷണത്തിനുമുള്ള കരാര്‍ കമ്പനിക്ക് ലഭിക്കുന്നത്. മോര്‍ബി മുന്‍സിപ്പാലിറ്റിയാണ് കരാര്‍ നല്‍കിയത്.

പാലം ദുരന്തത്തിന്റെ ഫോറന്‍സിക് പരിശോധനാ ഫലം പുറത്ത് വരുമ്പോള്‍ കാണുന്നത് അധികൃതരുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നത് എന്നാണെന്നാണ് ജില്ലാ കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്‍പറഞ്ഞത്. പാലത്തിന്റെ അറ്റകുറ്റപ്പണി ഏറ്റെടുത്തിരുന്ന ഒറേവ ഗ്രൂപ്പ് 3165 ടിക്കറ്റുകളാണ് സംഭവം നടന്ന ദിവസമായ ഒക്ടോബര്‍ 30ന് വിറ്റഴിച്ചത്. ഒരു നൂറ്റാണ്ട് മുമ്പ് നിര്‍മിച്ച പാലത്തിന് എത്രമാത്രം ഭാരം താങ്ങാനുള്ള ശേഷി ഉണ്ടെന്നുള്ളതിനെ കുറിച്ച് കമ്പനി ശ്രദ്ധിച്ചിരുന്നില്ല.

മോര്‍ബി പാലത്തിന്റെ കേബിളുകളൊക്കെ തുരുമ്പെടുത്ത നിലയിലായിരുന്നു. കരാര്‍ പ്രകാരം അറ്റകുറ്റപണി തീര്‍ത്ത് പുനര്‍നിര്‍മിച്ച പാലത്തിന്റെ ശക്തമായ തറയ്ക്ക് താങ്ങി നിര്‍ത്താന്‍ കഴിയാത്ത ബലക്ഷയം ബാധിച്ച കേബിളുകളായിരുന്നു പാലത്തിനുണ്ടായിരുന്നത് എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.സംഭവത്തില്‍ കമ്പനിയിലെ ഒമ്പത് ജീവനക്കാര്‍ അറസ്റ്റിലായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള യാതൊരുവിധ മുന്‍കരുതലിനെ കുറിച്ചും അറിയാത്ത പ്രവര്‍ത്തിപരിചയമില്ലാത്ത ദിവസ വേതനക്കാരെയാണ് ഒറേവ ഗ്രൂപ്പ് ടിക്കറ്റ് വിതരണക്കാരായും ജനങ്ങളെ നിയന്ത്രിക്കാനായും ചുമതലപ്പെടുത്തിയിരുന്നതെന്ന് സര്‍ക്കാരിന്റെ അഭിഭാഷകന്‍ പറഞ്ഞു. പ്രതികളുടെ ജാമ്യാപേക്ഷ ഹര്‍ജി കോടതി പരിഗണിക്കവെയാണ് അഭിഭാഷകന്‍ ആരോപണമുന്നയിച്ചത്. കൂടാതെ മാനേജ്‌മെന്റിലുള്ള ഉന്നതരായ യഥാര്‍ത്ഥ പ്രതികള്‍ സംഭവത്തില്‍ പിടിക്കപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

സുരക്ഷാ കാവല്‍ക്കാര്‍ക്ക് പാലത്തിന്റെ സുരക്ഷാ പ്രോട്ടോക്കോളുകളെ സംബന്ധിച്ച യാതൊരുവിധ നിര്‍ദേശവും നല്‍കിയിരുന്നില്ല. എത്രമാത്രം ആളുകളെ ഉള്‍ക്കൊള്ളിക്കണമെന്ന് അവര്‍ക്ക് അറിയില്ല. തികച്ചും നിരുത്തരവാദപ്രകാരമായ നടപടിയാണ് ഒറേവ ഗ്രൂപ്പിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് സര്‍ക്കാര്‍ പ്ലീഡര്‍ വിജയ് ജാനി എന്‍ഡിടിവിയോട് പറഞ്ഞു. അപകടമുണ്ടായാല്‍ ഉപയോഗിക്കേണ്ട ലൈഫ് ഗാഡുകളോ ബോട്ടുകളോ കമ്പനി നല്‍കിയിരുന്നില്ല.

മാച്ചു നദിയ്ക്ക് കുറുകെ സ്ഥാപിച്ച പാലം അറ്റകുറ്റപണികള്‍ക്ക് ശേഷം ഒക്ടോബര്‍ 26 നാണ് തുറന്ന് കൊടുത്തിരുന്നത്. നാല് ദിവസങ്ങള്‍ക്ക് ശേഷം അപകടം സംഭവിക്കുകയായിരുന്നു. 12 മാസങ്ങള്‍ക്ക് ശേഷം തുറന്ന് കൊടുക്കേണ്ട പാലം 7 മാസങ്ങള്‍ക്കുള്ളില്‍ തുറന്ന് നല്‍കുകയായിരുന്നു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് പാലം തുറന്ന് കൊടുത്തത്. സംഭവത്തിന്റെ ഉത്തരവാദിത്തം മുന്‍സിപ്പാലിറ്റി ഏറ്റെടുത്തിരുന്നു. പാലം തുറക്കാന്‍ പാടില്ലായിരുന്നു എന്ന് ഹൈക്കോടതിയില്‍ അവര്‍ സത്യവാങ്ങ്മൂലം നല്‍കി. ഒരു ഓഫീസറെ സസ്പന്‍ഡ് ചെയ്തിരുന്നു. മോര്‍ബി ദുരന്തത്തില്‍ ഹൈക്കോടതി സ്വയം ഇടപെട്ടിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് ആറു വകുപ്പില്‍ ഉള്ളവരോട് വിശദീകരണവും തേടി.

ദുരന്തത്തില്‍ സത്യവാങ്ങ്മൂലം നല്‍കാന്‍ വൈകിയെന്ന് കാണിച്ച് മുന്‍സിപ്പാലിറ്റിക്കെതിരെ ഹൈക്കോടതി ആഞ്ഞടിച്ചു. 135 പേരുടെ മരണത്തിന് സര്‍ക്കാര്‍ സ്ഥാപനമായ മുന്‍സിപ്പാലിറ്റി കാരണക്കാരായെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. നിയമനടപടികള്‍ പിന്തുടരാത്തതിനെ ഹൈക്കോടതി ചോദ്യം ചെയ്തു. മൊര്‍ബി പാലം അപകടത്തിന്റെ കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇപ്പോഴുള്ള എല്ലാ വാദം കേള്‍ക്കലും നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ യോഗ്യതയുള്‍പ്പെടെ പല കാര്യങ്ങളും അന്വേഷിച്ച് അറിയാനുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂട് ഉള്‍പ്പെട്ട ബഞ്ച് നിരീക്ഷിച്ചു.

അതേസമയം സംഭവത്തില്‍ അന്വേഷണത്തിനായി അഞ്ചംഗ അന്വേഷണ സമിതിയെ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. ഗുജറാത്തിലെ മനുഷ്യാവകാശ കമ്മീഷനും കേസില്‍ അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്. ദുരന്തത്തിനിരയായവര്‍ക്ക് നഷ്ടപരിഹാര തുക ലഭിച്ചുവോ എന്നും കമ്മീഷന്‍ പരിശോധിച്ചു.

story highlights: The investigation report of the Morbi bridge disaster is out

Next Story