Top

സാമ്‌നയുടെ എഡിറ്റോറിയൽ ചുമതലയേറ്റെടുത്ത് താക്കറെ; കോൺ​ഗ്രസിനൊപ്പം നിന്നില്ല, എൻസിപിക്കും മമതക്കും രൂക്ഷ വിമർശനം

കോൺഗ്രസ് കഴിഞ്ഞയാഴ്ച്ച തൊഴിലില്ലായ്മ, ജിഎസ്ടി വർധന എന്നിവയ്‌ക്കെതിരെ നടത്തിയ രാജ്യവ്യാപക പ്രതിഷേധത്തിൽ പങ്കെടുക്കാത്തതിനാണ് എൻസിപി ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾക്കെതിരെ സാമ്ന വിമർശനം ഉന്നയിച്ചത്.

8 Aug 2022 8:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാമ്‌നയുടെ എഡിറ്റോറിയൽ ചുമതലയേറ്റെടുത്ത് താക്കറെ; കോൺ​ഗ്രസിനൊപ്പം നിന്നില്ല, എൻസിപിക്കും മമതക്കും രൂക്ഷ വിമർശനം
X

മുംബൈ: മഹാ വികാസ് അദാലി അഘാഡിയുടെ സഖ്യകക്ഷിയായ എൻസിപിക്കും മമതക്കും ശിവസേന മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലിൽ രൂക്ഷ വിമർശനം. കോൺഗ്രസ് കഴിഞ്ഞയാഴ്ച്ച തൊഴിലില്ലായ്മ, ജിഎസ്ടി വർധന എന്നിവയ്‌ക്കെതിരെ നടത്തിയ രാജ്യവ്യാപക പ്രതിഷേധത്തിൽ പങ്കെടുക്കാത്തതിനാണ് എൻസിപി ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾക്കെതിരെ സാമ്ന വിമർശനം ഉന്നയിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെയും സിബിഐയെയും ഉപയോ​ഗിച്ച് കേന്ദ്രസർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുന്ന സമയത്ത് പ്രതിപക്ഷ നേതാക്കൾ കോൺ​ഗ്രസിനൊപ്പം നിൽക്കാത്തത് ആശങ്കജനകമാണെന്നും സാമ്‌നയുടെ എഡിറ്റോറിയലിൽ പറയുന്നു.

സാമ്നയുടെ പുതിയ ചീഫ് എഡിറ്റർ ശിവസേന നേതാവ് ഉദ്ധവ് താക്കറെയാണ്. പത്ര ചൗൾ കേസിൽ സാമ്‌നയുടെ ചീഫ് എഡിറ്ററും എംപിയുമായ സഞ്ജയ് റാവത്ത് അറസ്റ്റിലായതോടെ അദ്ദേഹം ചുമതലയേറ്റത്. ഇതിനുശേഷം പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് മുൻ എംവിഎ സഖ്യകക്ഷിയായ എൻസിപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളെ വിമർശിച്ചത്. ജിഎസ്ടി, വിലക്കയറ്റം, തൊഴില്ലില്ലായ്മ എന്നിവക്കെതിരെ പ്രതിഷേധിച്ച കോൺ​ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും എഡിറ്റോറിയലിൽ അഭിനന്ദിക്കുന്നുണ്ട്.

'ഇ ഡിയെ ഉപയോ​ഗിച്ച് കേന്ദ്രസർക്കാർ നേതാക്കളെ അറസ്റ്റ് ചെയ്യുകയാണ്. ഇതിനുപുറമെ, മഹാരാഷ്ട്രയിലെ സർക്കാരിനെ അട്ടിമറിച്ച് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അധികാരത്തിലെത്തിച്ചതിന് പിന്നിലും ബിജെപിയാണ്. ഇതേ തന്ത്രം തന്നെയാണ് തൊഴിലില്ലായ്മ, ജിഎസ്ടി എന്നീ വിഷയങ്ങളിൽ സർക്കാർ ചെയ്തത്. പ്രതിഷേധിച്ച നേതാക്കളെ അറസ്റ്റ് ചെയ്ത് പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താനാണ് ബിജെപി ശ്രമിക്കുന്നത്. കാലുകൾക്കിടയിൽ വാൽ തിരുകി ഇരിക്കുന്നവർ ഇത് മനസിലാക്കണം'. സാമ്നയുടെ എഡിറ്റോറിയലിൽ പറയുന്നു.

കഴിഞ്ഞ ദിവസം നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺ​ഗ്രസ് വോട്ട് ചെയ്തിരുന്നില്ല. ബം​ഗാളിൽ ഇ ഡിയുടെ രാഷ്ട്രീയ ഇടപെടൽ വർധിച്ച് വരുന്ന സാഹചര്യത്തിൽ മമത കാര്യങ്ങളെ നിസാരമായി കാണുന്നത് ശരിയല്ലെന്നും എഡിറ്റോറിയലിൽ പറയുന്നു. അഭിപ്രായവ്യത്യാസങ്ങൾ മറികടന്ന് ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും എതിരാളികളെ നേരിടുന്നതിൽ ബിജെപി സ്വീകരിക്കുന്ന മാർ​ഗങ്ങൾ എല്ലാ നേതാക്കൾക്കും പാഠമാണെന്നും എഡിറ്റോറിയലിലുണ്ട്.

Story highlights: Thackeray took over the editorial charge of Samna; NCP and Mamata were severely criticized for not standing with the Congress

Next Story