സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ചു; ഉത്തരവ് ഇറക്കി തെലങ്കാന സര്‍ക്കാർ
സംസ്ഥാനത്തിന്റെ അധികാര പരിധിക്കുള്ളിലെ എല്ലാ വിഷയത്തിലും സിബിഐ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി വേണ്ടി വരും
30 Oct 2022 1:21 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഹൈദരാബാദ്: സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ചതായി തെലങ്കാന. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഇത്തരത്തില്‍ അനുമതി പിന്‍വലിക്കുന്ന പത്താമത്തെ സംസ്ഥാനമാണ് തെലങ്കാന.
ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള പൊതുസമ്മതമാണ് സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ അധികാര പരിധിക്കുള്ളിലെ എല്ലാ വിഷയത്തിലും സിബിഐ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി വേണ്ടി വരും.
ടിആര്‍എസ് എംഎല്‍എമാരെ പാര്ട്ടിമാറ്റാന് ബിജെപിയുടെ നേതൃത്വത്തില്‍ നീക്കം നടന്നുവെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തെലുങ്കാന സര്‍ക്കാരിന്റെ നീക്കം.
സംഭവുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ടിആര്‍എസ് എംഎല്‍എ പൈലറ്റ് രോഹിത് റെഡ്ഡി എന്നയാളുടെ ഫാം ഹൗസില്‍ നിന്നാണ് അറസ്റ്റ് ചെയതത്. ഫാം ഹൗസില്‍ എത്തുമ്പോള്‍ എംഎല്‍മാരുടെ മേശയില്‍ 250 കോടി രൂപ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. പാര്‍ട്ടി മാറുന്നതിനായി എംഎല്‍എമാര്‍ക്ക് നൂറുകോടി വാഗ്ദാനം ചെയ്തുവെന്നാണ് കേസ്.
ഇത് സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ഗുജ്ജുല പ്രേമേന്ദര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ഹൈക്കോടതി പരിഗണിക്കവേയാണ് സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ചതായി കോടതി അറിയിച്ചത്.
കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്ഥാന്, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, മിസോറാം, മേഘാലയ, എന്നീ സംസ്ഥാനങ്ങളാണ് നിലവില്‍ സിബിഐക്കുള്ള പൊതുസമ്മതം പിന്‍വലിച്ചിട്ടുള്ളത്. ബീഹാറും സമ്മതം പിന്‍വലിക്കാനുള്ള ചര്‍ച്ചകളിലാണ്.
STORY HIGHLIGHTS: Telangana withdraws public consent to CBI probe