Top

'പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം പാടില്ല'; കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ജൂലൈ 25 നാണ് വിലക്കയറ്റത്തിനെതിരെ പ്ലക്കാര്‍ഡ് ഉയര്‍ത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് കോണ്‍ഗ്രസ് എം പിമാരെ സസ്‌പെന്‍ഡ് ചെയ്തത്. അപമര്യാദയോടെ പെരുമാറിയെന്നും സഭാ നടപടികള്‍ തടസപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു നടപടി

1 Aug 2022 9:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം പാടില്ല; കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
X

ന്യൂഡല്‍ഹി: വിലക്കയറ്റത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. കേരളത്തില്‍ നിന്നുള്ള എം പിമാരായ ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ് തമിഴ്‌നാട്ടില്‍ നിന്നുള്ള മാണികം ടാഗോര്‍, ജ്യോതി മണി എന്നിവരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള പ്രമേയം ശബ്ദ വോട്ടോടെയാണ് പാസാക്കിയത്.

ഇനി പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധം പാടില്ലെന്ന് സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ നോക്കാതെ നടപടിയെടുക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. ജൂലൈ 25 നാണ് വിലക്കയറ്റത്തിനെതിരെ പ്ലക്കാര്‍ഡ് ഉയര്‍ത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് കോണ്‍ഗ്രസ് എം പിമാരെ സസ്‌പെന്‍ഡ് ചെയ്തത്. അപമര്യാദയോടെ പെരുമാറിയെന്നും സഭാ നടപടികള്‍ തടസപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു നടപടി. നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധം നടത്തിയതിന് രാജ്യസഭയിലെ 19 എംപിമാരേയും സസ്പെന്‍ഡ് ചെയ്തിരുന്നു. എഎ റഹീം, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള എംപിമാരെ ഒരാഴ്ചത്തേക്കായിരുന്നു സസ്പെന്‍ഡ് ചെയ്തത്.

അതേസമയം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും ഇന്നും രണ്ട് മണിക്കൂര്‍ നിര്‍ത്തിവെച്ചു. വിലക്കയറ്റം അടിയന്തരമായി ചര്‍ച്ചക്കെടുക്കാത്തതായിരുന്നു പ്രതിപക്ഷ ബഹളത്തിന് കാരണം. വിലക്കയറ്റം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. എന്നാല്‍ പ്രതിഷേധത്തിനെതിരെ മന്ത്രി പിയൂഷ് ഗോയല്‍ രംഗത്തുവന്നു. വിഷയം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടും പ്രതിപക്ഷം ബഹളം വെയ്ക്കുന്നത് മറ്റ് ഗൂഢലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണെന്നും അദ്ദേഹം ആരോപിച്ചു.

Story highlights: Suspension of Congress MPs withdrawn

Next Story