Top

'സസ്‌പെന്‍ഷന്‍ ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചതിന്'; അഭിമാനത്തോടെ സ്വീകരിക്കുന്നെന്ന് എ എ റഹീം

നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിനാണ് എംപിമാരെ ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ എന്നിവരേക്കൂടാതെ കനിമൊഴി, സുഷ്മിത ദേവ്, ഡോള സെന്‍, ശാന്തനു സെന്‍ എന്നിവരേയും സസ്‌പെന്‍ഡ് ചെയ്തു

26 July 2022 11:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സസ്‌പെന്‍ഷന്‍ ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചതിന്; അഭിമാനത്തോടെ സ്വീകരിക്കുന്നെന്ന് എ എ റഹീം
X

ന്യൂഡല്‍ഹി: പ്രതിഷേധം നടത്തിയതിന്റെ പേരില്‍ ലഭിച്ച സസ്‌പെന്‍ഷന്‍ അഭിമാനത്തോടെ സ്വീകരിക്കുന്നെന്ന് രാജ്യ സഭാ എംപി എ എ റഹീം. ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചതിനാണ് ഈ നടപടിയെന്ന് റഹീം പറഞ്ഞു. രാജ്യസഭയിലെ പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താനാകില്ല. ഏകാധിപത്യം അനുവദിക്കില്ലെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വ്യക്തമാക്കി.

'ജനങ്ങളെ ദുരിതത്തിലാക്കുന്ന വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രതിപക്ഷം ആവശ്യപ്പെടുകയാണ്.ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകുന്നില്ല.ഏകപക്ഷീയമായി ചര്‍ച്ചകളെയും സംവാദങ്ങളെയും അടിച്ചമര്‍ത്തുകയാണ്. ജനാധിപത്യ അവകാശങ്ങള്‍ സഭയ്ക്കുള്ളില്‍ പോലും അനുവദിക്കുന്നില്ല. ഇന്നാണെങ്കില്‍ സിപിഐ(എം)ലെ ബികാസ് രഞ്ജന്‍ ഭട്ടാചാര്യയെ ഒരു ബില്ലില്‍ ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിച്ചില്ല,' തുടര്‍ന്ന് പ്രതിഷേധിച്ച താനടക്കമുള്ള 19 പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നെന്ന് റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിനാണ് എംപിമാരെ ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ എന്നിവരേക്കൂടാതെ കനിമൊഴി, സുഷ്മിത ദേവ്, ഡോള സെന്‍, ശാന്തനു സെന്‍ എന്നിവരേയും സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലമെന്റിലെ നടപടിക്രമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും നടുത്തളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്‌പെന്‍ഷന്റെ കാരണമായി പറയുന്നത്. വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങളില്‍ 11 മണിയോടെ രാജ്യസഭയുടെ നടുക്കളത്തില്‍ പ്രതിഷേധമുണ്ടായി. ഇതോടെ സഭ നിര്‍ത്തി വച്ചു. വീണ്ടും 12 മണിയോടെ സഭ ചേര്‍ന്നപ്പോള്‍ എംപിമാര്‍ പ്രതിഷേധം നടത്തി. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി പ്രഖ്യാപിച്ചത്.

നടുത്തളത്തില്‍ പ്ലക്കാര്‍ഡുകളുമായി ഇറങ്ങി മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് എംപിമാരായ ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, ജോതിമണി, മാണിക്കം ടാഗോര്‍ എന്നിവരെ ഇന്നലെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിലക്കയറ്റം, നാണ്യപ്പെരുപ്പം, പാചകവാതക വിലവര്‍ധന, ആവശ്യ സാധനങ്ങളുടെ ജിഎസ്ടി വര്‍ധന എന്നീ വിഷയങ്ങളില്‍ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ എത്തി വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടു. അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ച് സ്പീക്കര്‍ വര്‍ഷ കാല സമ്മേളനത്തില്‍ നിന്ന് നാല് പേരേയും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Story highlights: 'Suspension for speaking up for the people'; AA Rahim says he accepts with pride

Next Story