Top

'നിതീഷ് ഉപരാഷ്ട്രപതിയായാല്‍ മുഖ്യമന്ത്രിയാക്കാം'; വാഗ്ദാനവുമായി ജെഡിയു നേതാക്കള്‍ സമീപിച്ചിരുന്നെന്ന് ബിജെപി എംപി

താന്‍ ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു ഈ നീക്കം നടന്നതെന്ന് സുഷീല്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

10 Aug 2022 10:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിതീഷ് ഉപരാഷ്ട്രപതിയായാല്‍ മുഖ്യമന്ത്രിയാക്കാം; വാഗ്ദാനവുമായി ജെഡിയു നേതാക്കള്‍ സമീപിച്ചിരുന്നെന്ന് ബിജെപി എംപി
X

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉപരാഷ്ട്രപതിയാകാന്‍ ചിലര്‍ ആഗ്രഹിച്ചിരുന്നെന്ന ആരോപണവുമായി ബിജെപി എംപി സുഷീല്‍ കുമാര്‍ മോദി. നിതീഷ് ഉപരാഷ്ട്രപതിയായാല്‍ തന്നെ മുഖ്യമന്ത്രിയാക്കാം എന്ന വാഗ്ദാനവുമായി ജെഡിയു നേതാക്കള്‍ സമീപിച്ചിരുന്നു. താന്‍ ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു ഈ നീക്കം നടന്നതെന്ന് സുഷീല്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും എന്‍ഡിഎക്ക് വോട്ട് ചെയ്ത ജനങ്ങളേയും നിതീഷ് അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാര്‍ താഴെ വീഴുമെന്നും സുഷീല്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയില്‍ ശിവസേനയെ പിളര്‍ത്താന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്ന് ജെഡിയുവിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിച്ചെന്ന ആരോപണങ്ങള്‍ നിഷേധിച്ച് കൊണ്ട് എം പി പറഞ്ഞു. ലാലുപ്രസാദ് യാദവിന്റെ അസുഖം മുതലെടുത്ത് ജെഡിയുവിനെ പിളര്‍ത്താന്‍ നിതീഷ് ശ്രമിച്ചെന്നും സുഷീല്‍ പറഞ്ഞു.

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞക്ക് തൊട്ടുമുമ്പായിരുന്നു എം പിയുടെ ആരോപണം. എന്നാല്‍ സുഷീല്‍ കുമാറിന്റെ ഈ ആരോപണങ്ങളോട് ജെഡിയു ഇതുവരെ പ്രതികരിച്ചിച്ചിട്ടില്ല. താന്‍ ദേശീയ രാഷ്ടീയത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി സ്ഥാനം മോഹിച്ചിട്ടില്ലെന്നും നിതീഷ് കുമാര്‍ പ്രതികരിച്ചു. 2014 ല്‍ വിജയിച്ച നരേന്ദ്ര മോദിക്ക് 2024 ല്‍ വിജയിക്കാനാകുമോ എന്നും മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം ചോദിച്ചു.

Story highlights: Sushil can be made Chief Minister if Nitheesh becomes Vice President; BJP MP said that JDU leaders had approached with a promise

Next Story