Top

ഹിജാബ് ഹര്‍ജി; അടിയന്തര വാദം കേള്‍ക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി; ഹോളി അവധിക്ക് ശേഷം പരിഗണിക്കും

ഹിജാബ് എന്നത് ഇസ്ലാമിലെ നിര്‍ബന്ധിത മതാചാരമല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി വിധി തെറ്റാണെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്

16 March 2022 8:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹിജാബ് ഹര്‍ജി; അടിയന്തര വാദം കേള്‍ക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി; ഹോളി അവധിക്ക് ശേഷം പരിഗണിക്കും
X

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്ക് ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളില്‍ അടിയന്തര വാദം കേള്‍ക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി. ഹര്‍ജി ഹോളി അവധിക്ക് ശേഷം പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത വേഷങ്ങള്‍ വിലക്കിയ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്നലെ ശെരിവെച്ചിരുന്നു. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥിനികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹിജാബ് എന്നത് ഇസ്ലാമിലെ നിര്‍ബന്ധിത മതാചാരമല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി വിധി തെറ്റാണെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.

ഇപ്പോള്‍ പരീക്ഷ നടക്കുന്നതിനാല്‍ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സഞ്ജയ് ഹെഡ്ഡെ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഹര്‍ജിയില്‍ ഇപ്പോള്‍ അടിയന്തരമായി വാദം കേള്‍ക്കേണ്ട ആവശ്യമില്ലെന്ന് കോടതി വിശദീകരിച്ചു.

ഹിജാബ് വിലക്കിയതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. 11 ദിവസം വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് വിധി പുറപ്പെടുവിച്ചത്. യൂണിഫോം നിര്‍ദ്ദേശിക്കുന്നത് മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്ന് കോടതി നിരീക്ഷിച്ചു. ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് രാജ്യം ഉറ്റു നോക്കുന്ന ഹിജാബ് വിഷയത്തില്‍ വിധി പറഞ്ഞത്.

STORY HIGHLIGHTS: supreme court says hijab petition will be consider after holi holidays

Next Story