Top

'രാജ്യം കത്തി, ഈ സ്ത്രീയാണ് ഉത്തരവാദി'; നുപുർ ശർമ്മയ്ക്കെതിരെ സുപ്രീം കോടതി

1 July 2022 6:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജ്യം കത്തി, ഈ സ്ത്രീയാണ് ഉത്തരവാദി; നുപുർ ശർമ്മയ്ക്കെതിരെ സുപ്രീം കോടതി
X

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെയുള്ള അപകീർത്തി പരാമർശത്തിൽ ബിജെപി വക്താവ് നുപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമായിരുന്നെന്ന് സുപ്രീംകോടതി. പരാമർശത്തിന് പിന്നാലെ രാജ്യത്തുണ്ടായ സംഘർഷങ്ങൾക്ക് നുപുർ ശർമ്മ മാത്രമാണ് ഉത്തരവാദിയെന്നും കോടതി വിമർശിച്ചു. നബി വിരുദ്ധ പരാമർശത്തിനെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസ് ഡൽഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നുപുർ ശർമ്മ നൽകിയ ഹർജി പരി​ഗണിക്കവെയാണ് കോടതി വിമർശനം.

'ഈ രാജ്യത്തിപ്പോൾ നടക്കുന്നതിന് ഈ സ്ത്രീ മാത്രമാണ് ഉത്തരവാദി. ഇവരും ഇവരുടെ നാവും രാജ്യത്തെയപ്പാടെ കത്തിച്ചു,' ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഉദയ്പൂരിൽ തയ്യൽക്കടക്കാരൻ കൊല്ലപ്പെട്ട സംഭവത്തിന് നുപുർ ശർമ്മയുടെ വാക്കുകളാണ് ഉത്തരവാദിയെന്നും കോടതി കുറ്റപ്പെടുത്തി. പരാമർശത്തിൽ നുപുർ ശർമ്മ മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് ഇവർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മനിന്ദർ സിങ് കോടതിയിൽ പറഞ്ഞു. എന്നാൽ ടെലിവിഷനിലൂടെ രാജ്യത്തോടാകെ മാപ്പ് പറയണമായിരുന്നെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഗ്യാൻവാപി വിഷയവുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലിൽ നടന്ന ചർച്ചയിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുർ ശർമ്മയുടെ അപകീർത്തികരമായ പരാമർശം. ഇസ്ലാം മതഗ്രന്ഥങ്ങളിൽ ആളുകൾക്ക് കളിയാക്കാൻ കഴിയുന്ന ചില കാര്യങ്ങൾ ഉണ്ടെന്നായിരുന്നു നുപുർ ശർമ്മയുടെ പരാമർശം. മുസ്ലിങ്ങൾ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുർ ശർമ്മ ആരോപിച്ചിരുന്നു. പരാമർശത്തിനെതിരെ മുസ്ലിം രാജ്യങ്ങൾ രം​ഗത്ത് വന്നതോടെ നുപുർ ശർമ്മയെ സസ്പെൻഡ് ചെയ്യുകയും സമൂ​ഹ മാധ്യമങ്ങളിലൂടെ സമാന പ്രസ്താവന നടത്തിയ നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയുമായിരുന്നു.

Story Highlight: Supreme court slams Nupur Sharma

Next Story