Top

സുപ്രീംകോടതി നടപടികള്‍ തത്സമയം; ആദ്യം സംപ്രേഷണം ചെയ്തവയില്‍ ശിവസേനയിലെ അധികാര തര്‍ക്കക്കേസും

ചീഫ് ജസ്റ്റിസ് യുയു ലളിത് കഴിഞ്ഞയാഴ്ച വിളിച്ചു ചേര്‍ത്ത ജഡ്ജിമാരുടെ യോഗമാണ് ഭരണഘടന ബെഞ്ചിലെ നടപടികള്‍ തത്സമയം നല്‍കാന്‍ തീരുമാനിച്ചത്

27 Sep 2022 8:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുപ്രീംകോടതി നടപടികള്‍ തത്സമയം; ആദ്യം സംപ്രേഷണം ചെയ്തവയില്‍ ശിവസേനയിലെ അധികാര തര്‍ക്കക്കേസും
X

ന്യൂഡല്‍ഹി: ഭരണഘടനാ ബെഞ്ചിലെ നടപടികളുടെ ലൈവ് സ്ട്രീമിങ് ആരംഭിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിലെ അടക്കം മൂന്ന് ഭരണഘടനാ ബെഞ്ചുകളിലെ നടപടികളുടെ ലൈവ് സ്ട്രീമിങ്ങാണ് ഇന്ന് ആരംഭിച്ചത്. ചീഫ് ജസ്റ്റിസ് യുയു ലളിത് കഴിഞ്ഞയാഴ്ച വിളിച്ചു ചേര്‍ത്ത ജഡ്ജിമാരുടെ യോഗമാണ് ഭരണഘടന ബെഞ്ചിലെ നടപടികള്‍ തത്സമയം നല്‍കാന്‍ തീരുമാനിച്ചത്.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിലെ സാമ്പത്തിക സംവരണ കേസ്, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചിലെ മഹാരാഷ്ട്ര ശിവസേനയിലെ അധികാര തര്‍ക്കവുമായി ബന്ധപ്പെട്ട വാദം, ജസ്റ്റിസ് എസ് കെ കൗളിന്റെ നേതൃത്വത്തിലുള്ള ബാര്‍കൗണ്‍സില്‍ പരീക്ഷ കേസ് എന്നിവയാണ് തത്സമയം ഇന്ന് നല്‍കിയത്.

യുട്യൂബിലൂടെയായിരുന്നു ഇന്ന്് സുപ്രീം കോടതിയിലെ തത്സമയ ദ്യശ്യങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ യുട്യൂബ് ഉപയോഗിക്കുന്നതിനു പകരം സുപ്രീം കോടതിക്ക് അതിന്റെ പ്ലാറ്റ് ഫോം ഉടന്‍ ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 2018 സെപ്തംബര്‍ 27 നാണ് ഭരണഘടനാ പ്രധാന്യമുള്ള കാര്യങ്ങളിലെ സുപ്രധാന നടപടികളുടെ തത്സമയ സംപ്രേക്ഷണം നടത്തുന്നത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സുപ്രധാനമായ നിരീക്ഷണം നടത്തിയത്.

ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ എടുത്ത തീരുമാനത്തില്‍ സെപ്റ്റംബര്‍ 27 മുതല്‍ എല്ലാ ഭരണഘടനാ ബെഞ്ച് നടപടികളും തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആളുകള്‍ക്ക് ഫോണുകളിലും ലാപ്‌ടോപ്പുകളിലും കമ്പ്യൂട്ടറുകളിലും തടസമില്ലാതെ സുപ്രീംകോടതിയുടെ നടപടികള്‍ ഇനി മുതല്‍ കാണാന്‍ കഴിയും.

STORY HIGHLIGHTS: Supreme Court proceedings live

Next Story