Top

യുപി സര്‍ക്കാറിന് ഇന്നും 'കണക്കിന് കിട്ടി'; ലഖിംപൂര്‍ കേസ് അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയോഗിക്കുമെന്ന് സുപ്രീം കോടതി

8 Nov 2021 7:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുപി സര്‍ക്കാറിന് ഇന്നും കണക്കിന് കിട്ടി; ലഖിംപൂര്‍ കേസ് അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയോഗിക്കുമെന്ന് സുപ്രീം കോടതി
X

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി കര്‍ഷക കൊലപാതകക്കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയോഗിക്കുമെന്ന് സുപ്രീം കോടതി. കര്‍ഷക പ്രതിഷേധത്തിന് ഇടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ ഉടമസ്ഥതയിലുള്ള വാഹനമിടിച്ച് കയറ്റി നാല് കര്‍ഷകര്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ലഖിംപൂര്‍ സംഭവത്തില്‍ യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലുള്ള അതൃപ്തിയും സുപ്രീം കോടതി വ്യക്തമാക്കി. റിപ്പോര്‍ട്ടില്‍ പുതിയതായി ഒന്നുമില്ലെന്ന് വ്യക്തമാക്കിയായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. പ്രതികളുടെ ഫോണ്‍ പിടിച്ചെടുക്കാത്തതില്‍ ഉള്‍പ്പടെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.

അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കേണ്ട ജഡ്ജിയെ തങ്ങള്‍ തന്നെ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയോഗിക്കുന്ന വ്യക്തിയെ തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന സൂചന കൂടിയാണ് കോടതി നല്‍കിയത്. ജഡ്ജി ഉത്തര്‍പ്രദേശിന് പുറത്ത് നിന്നുള്ള വ്യക്തിയായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ നിന്നും വിരമിച്ച രണ്ട് ജഡ്ജിമാരുടെ പേരും സുപ്രീം കോടതി മുന്നോട്ട് വച്ചു. വിഷയത്തില്‍ യുപി സര്‍ക്കാറിന്റെ നിലപാടും കോടതി തേടി.

എന്നാല്‍, വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു സര്‍ക്കാറിന് വേണ്ടി ഹാജറായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചത്. തുടര്‍ന്ന വെള്ളിയാഴ്ചയ്ക്കകം നിലപാട് അറിയിക്കണം എന്നും കോടതി നിര്‍ദശിച്ചു. ഇതിന് പിന്നാലെ വിഷയത്തില്‍ ഇടക്കാല ഉത്തരവ് ഉണ്ടാകുമെന്ന സൂചനയും കോടതി നല്‍കി. പത്ത് ദിവസം നല്‍കിയിട്ടും തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ ഒന്നും പുതിയതായി ഇല്ലെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. കേസിലെ 13 പ്രതികളില്‍ ഒരാളുടെ ഫോണ്‍മാത്രമാണ് കണ്ടെത്തിയത്. ബാക്കിയുള്ളവരുടെ ഫോണ്‍ വിവരങ്ങള്‍ തേടിയ കോടതി വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടി.

പിന്നാലെയാണ്, കാര്യങ്ങള്‍ നമ്മള്‍ ഉദ്ദേശിച്ച വഴിയല്ല പുരോഗമിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി വിരമിച്ച ജഡ്ജിയെ മേല്‍നോട്ടത്തിന് നിയോഗിക്കുമെന്ന് വ്യക്തമാക്കിയത്. അന്വേഷണത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനാണ് ഇത്തരം ഒരു നടപടി സ്വീകരിക്കാന്‍ മുതിരുന്നത് എന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരുള്‍പ്പെട്ട ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വ്യക്തമാക്കി.

ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിന് ആസ്പതമായ സംഭവം നടന്നത്. നാല് കര്‍ഷകര്‍ക്ക് പുറമെ ഒരു മാധ്യമ പ്രവര്‍ത്തകനും മൂന്ന് ബിജെപി പ്രവര്‍ത്തകരും സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. വാഹനം ഇടിച്ച് കയറ്റിയതിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തിലായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെടെ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ ഇതുവരെ 68 സാക്ഷികളാണ് ഉള്ളത്. സാക്ഷികളില്‍ 23 പേര്‍ സംഭവത്തിന് നേരിട്ട് ദൃക്‌സാക്ഷികളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

Next Story

Popular Stories