Top

സുധ ഭരദ്വജിന്റെ ജാമ്യം റദ്ദാക്കിയില്ല; എന്‍ഐഎക്ക് തിരിച്ചടി

ജസ്റ്റിസ് യുയു ലളിത്, രവീന്ദ്ര് ഭട്ട്, ബേല ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് എന്‍ഐഎയുടെ അപ്പീല്‍ തളളിയത്.

7 Dec 2021 7:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുധ ഭരദ്വജിന്റെ ജാമ്യം റദ്ദാക്കിയില്ല; എന്‍ഐഎക്ക് തിരിച്ചടി
X

മനുഷ്യാവകാശപ്രവര്‍ത്തക സുധ ഭരദജ്വജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ തളളി സുപ്രീംകോടതി. ഭീമകൊറേഗാവ് എല്‍ഗാര്‍ പരിഷത്ത് കേസില്‍ സുധ ഭരദ്വജിന് സ്വാഭാവിക ജാമ്യം അനുവദിച്ച മുംബൈ ഹൈക്കോടതി വിധിക്കെതിരെയാണ് എന്‍ഐഎ സുപ്രീംകോടതിയെ സമീപിച്ചത്.

ജാമ്യം അനുവദിക്കാതിരിക്കാനുളള കാരണം വ്യക്തമാക്കിയില്ലെന്ന് ചൂണ്ടിക്കാണിച്ച് ജസ്റ്റിസ് യുയു ലളിത്, രവീന്ദ്ര് ഭട്ട്, ബേല ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് എന്‍ഐഎയുടെ അപ്പീല്‍ തളളിയത്. ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

ഡിസംബര്‍ ഒന്നിനായിരുന്നു മുംബൈ ഹൈകോടതി സുധ ഭരദ്വജിന് ജാമ്യം നല്‍കിയത്. ജാമ്യവ്യവസ്ഥകള്‍ ഉള്‍പ്പടെ നിര്‍ണ്ണയിക്കുന്നതിനായി ഡിസംബര്‍ എട്ടിന് പ്രത്യേക എന്‍ഐഎ വിചാരണ കോടതിയെ സമീപിച്ച് ജാമ്യം നേടാമെന്ന് മുബൈ ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍ഐഎ രംഗത്തുവന്നത്.

2018ലെ പൂനെ പൊലീസിന്റെ കുറ്റപത്ര പ്രകാരം തനിക്കെതിരെയുള്ള യുഎപിഎ കേസുകള്‍ കേള്‍ക്കാന്‍ നിയോഗിക്കപ്പെട്ട പൂനെ സെഷന്‍സ് കോടതി ജഡ്ജി കെ ഡി വദനെ ഇതുവരെ യുഎപിഎ കേസുകളില്‍ നിയമിക്കപ്പെട്ടിട്ടില്ലാത്ത പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുധ ഭരദ്വാജ് ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി രജിസ്ട്രിയില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി പ്രകാരം പൂനെയിലെ വിചാരണ കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജിയായ കെ ഡി വദനെയെ ഇതുവരെ യുഎപിഎ കേസിലേക്ക് നിയമിച്ചിട്ടില്ലെന്ന് സുധ ഭരദ്വാജിന്റെ അഭിഭാഷകന്‍ ഡോ യുഗ് മോഹിത് ചൗധരിയും കോടതിയെ അറിയിച്ചു. എന്‍ഐഎ നിയമപ്രകാരം നിയോഗിച്ച പ്രത്യേക കോടതിക്ക് മാത്രമേ യുഎപിഎ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാനാകൂ എന്ന സുപ്രിംകോടതി നിര്‍ദേശവും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മൂന്ന് വര്‍ഷത്തിലേറെയായി സുധ ഭരദ്വാജ് കസ്റ്റഡിയില്‍ കഴിയുന്നത് കൂടി പരിഗണിച്ചാണ് സ്വാഭാവിക ജാമ്യത്തിന് ഹൈകോടതി അംഗീകാരം നല്‍കിയത്.

ഭീമാകൊറേഗാവില്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കാനും പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് 2018 ആഗസ്റ്റ് 28ലാണ് അഞ്ച് മനുഷ്യാവാകാശ പ്രവര്‍ത്തകരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്.


Next Story