Top

മുസ്ലീം സമുദായങ്ങളുടെ സംവരണ സാധുത പരിശോധിക്കും; കേസുകള്‍ പരിശോധിക്കാന്‍ രണ്ട് ഭരണഘടനാ ബെഞ്ചുകള്‍

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്ന ഭരണഘടനയുടെ 103-ാം ഭേദഗതിയുടെ സാധുതയും ബെഞ്ചിന്റെ പരിഗണനയിലുണ്ട്

30 Aug 2022 7:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുസ്ലീം സമുദായങ്ങളുടെ സംവരണ സാധുത പരിശോധിക്കും; കേസുകള്‍ പരിശോധിക്കാന്‍ രണ്ട് ഭരണഘടനാ ബെഞ്ചുകള്‍
X

ന്യൂഡല്‍ഹി: മുസ്ലീം സമുദായത്തെ സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്ക വിഭാഗമായി കണക്കാക്കാനാകുമോ എന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കും. സെപ്തംബര്‍ 13 മുതലാണ് ഇതുള്‍പ്പെടെയുള്ള 8 കേസുകള്‍ പരിഗണനയിലെടുക്കുന്നത്. രണ്ട് ഭരണഘടനാ ബെഞ്ചുകളെയാണ് നിയമിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പര്‍ദിവാല എന്നിവരടങ്ങുന്നതാണ് ഒന്നാമത്തെ ഭരണഘടനാ ബെഞ്ച്.

സെപ്തംബര്‍ 6ന് കേസുകള്‍ പരിശോധിക്കുന്നതിനായി ലിസ്റ്റ് ചെയ്യും. ആന്ധ്രാപ്രദേശിലെ മുസ്ലീം സമുദായത്തിന് സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നതായി പരിഗണിച്ച് നല്‍കിയ സംവരണത്തിന്റെ സാധുത പരിശോധിക്കും. ആര്‍ട്ടിക്കിള്‍ 15, 16 വകുപ്പുകള്‍ പ്രകാരം മുസ്ലീം സമുദായത്തെ സമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗമായി കണക്കാക്കാന്‍ കഴിയുമോ എന്ന ചോദ്യമുയര്‍ത്തി 2005ല്‍ വന്ന സിവില്‍ അപ്പീലുമായി ബന്ധപ്പെട്ടതാണ് പരിശോധന.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്ന ഭരണഘടനയുടെ 103-ാം ഭേദഗതിയുടെ സാധുതയും ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ഗുരുദ്വാര പ്രബന്ധക് കമ്മിറ്റികളിലെ സിഖ് സംവരണവും ബെഞ്ച് പരിശോധിക്കും. സുപ്രീം കോടതിക്ക് മേഖലാ തലത്തില്‍ ബെഞ്ചുകളും അപ്പീലിനായി പ്രത്യേക കോടതിയും ആവശ്യമുണ്ടോ എന്നതും പരിശോധനാ വിഷയമാണ്.

ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ രണ്ടാമത്തെ ബെഞ്ച് കല്ല്യാണം (നികാഹ്, ഹലാല), ബഹുഭാര്യാത്വം എന്നീ മുസ്ലീം വ്യക്തി നിയമ സമ്പ്രദായങ്ങളുടെ സാധുത പരിശോധിക്കും. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സൂര്യകാന്ത്, എം എം സുന്ദരേഷ്, സുധാന്‍ഷു ധുലിയ എന്നിവര്‍ ഈ ബെഞ്ചിലുണ്ടാകും.

STORY HIGHLIGHTS: Supreme Court constitutes two constitution benches to hear 8 cases, Validity Of Reservation For Muslim Community Will Be Examined

Next Story