കൊവിഡ് നഷ്ടപരിഹാരം; വ്യാജ ക്ലെയിമുകള്‍ അന്വേഷിക്കാന്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ അനുമതി
നാലു സംസ്ഥാനങ്ങളിലെ അഞ്ചു ശതമാനം ക്ലെയിമുകളും വ്യാജമാണെന്നു സംശയിക്കുന്നതായി കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.
24 March 2022 4:15 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: കൊവിഡ് നഷ്ടപരിഹാരത്തിലെ വ്യാജ ക്ലെയിമുകള്ക്കെതിരേ അന്വേഷണം നടത്താന്‍ അനുമതി നല്കി സുപ്രീം കോടതി. വ്യാജ ക്ലെയിമുകള്‍ ഉന്നയിച്ച് കൊവിഡ് നഷ്ടപരിഹാരം വാങ്ങിയവരെ കണ്ടെത്താന്‍ സര്‍വ്വേ നടത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യവും കോടതി അംഗീകരിച്ചു.
വ്യാജ ക്ലെയിമുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. നാലു സംസ്ഥാനങ്ങളിലെ അഞ്ചു ശതമാനം ക്ലെയിമുകളും വ്യാജമാണെന്നു സംശയിക്കുന്നതായി കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. കേരളം, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ കൊവിഡ് മരണങ്ങളും ക്ലെയിമുകളും തമ്മില്‍ അന്തരമുണ്ടെന്നും കേന്ദ്രം അറിയിച്ചു.
മാര്‍ച്ച് 28 വരെയുള്ള കൊവിഡ് മരണ നഷ്ടപരിഹാര അപേക്ഷകള്‍ക്ക് സുപ്രീം കോടതി 60 ദിവസത്തെ സമയപരിധി നിശ്ചയിച്ചു. പിന്നീടുള്ളവയ്ക്ക് 90 ദിവസമാണ് സമയപരിധി നല്‍കിയത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് വ്യാജ ക്ലെയിമുകള്‍ ഉന്നയിച്ച് കൊവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതേതുടര്‍ന്ന് അന്വേഷണം നടത്തുന്നതിനായി സുപ്രീം കോടതി സിഎജിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Supreme Court allows Central government to probe fake claims in covid compensation