Top

'എന്നെ മോദിയും ഷായും ഹരേണ്‍ പാണ്ഡ്യ ആക്കില്ലെന്ന് കരുതുന്നു'; ഗുരുതര പരാമര്‍ശവുമായി സുബ്രമണ്യം സ്വാമി

ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി ഹരേണ്‍ പാണ്ഡ്യയുടെ പേര് പരാമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റാണ് വിവാദമായിരിക്കുന്നത്

31 Oct 2022 8:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്നെ മോദിയും ഷായും ഹരേണ്‍ പാണ്ഡ്യ ആക്കില്ലെന്ന് കരുതുന്നു; ഗുരുതര പരാമര്‍ശവുമായി സുബ്രമണ്യം സ്വാമി
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി മുതിര്‍ന്ന ബിജെപി നേതാവ് സുബ്രമണ്യം സ്വാമി. ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി ഹരേണ്‍ പാണ്ഡ്യയുടെ പേര് പരാമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റാണ് വിവാദമായിരിക്കുന്നത്. 'മോദിയും ഷായും ചേര്‍ന്ന് എന്നെ ഒരു ഹരേണ്‍ പാണ്ഡ്യയാക്കാന്‍ ആസൂത്രണം നടത്തുകയല്ലെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയാണെങ്കില്‍ എനിക്ക് എന്റെ സുഹൃത്തുക്കളെ അറിയിക്കണം. കിട്ടുന്നതിന് അനുസരിച്ച് തിരിച്ചടിക്കുന്നവനാണ് ഞാനെന്ന് ഓര്‍ക്കുക. രണ്ടുപേരും ആര്‍എസ്എസിലെ ഏറ്റവും ഉന്നതരേപ്പോലും കബളിപ്പിച്ചിരിക്കുകയാണ്,' മുന്‍ കേന്ദ്രമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ട്വീറ്റിന് താഴെ നിരവധി പ്രതികരണങ്ങളെത്തി. 'ഹരേണ്‍ പാണ്ഡ്യ വധം താങ്കള്‍ മോദിക്കും അമിത് ഷായ്ക്കുമെതിരെ ആരോപിക്കുകയാണോ?' എന്ന് ഒരാള്‍ ചോദിച്ചു. 'ഹരേണ്‍ പാണ്ഡ്യയെ ബിജെപിയില്‍ ഒതുക്കി'യതിനേക്കുറിച്ചാണ് താന്‍ പറഞ്ഞതെന്ന് സുബ്രമണ്യം സ്വാമി മറുപടി നല്‍കി. 'പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും താങ്കളെ വധിക്കാന്‍ പോകുകയാണെന്ന് ആരോപണം അതിരുവിട്ടതാണ്' എന്ന് മറ്റൊരു ട്വിറ്റര്‍ യൂസര്‍ പറഞ്ഞു. 'അസംബന്ധം, താങ്കളുടേത് വൃത്തികെട്ട മനോനില' എന്നായിരുന്നു മുതിര്‍ന്ന സംഘ്പരിവാര്‍ നേതാവിന്റെ മറുപടി. സര്‍ക്കാരിനകത്തും ബിജെപി ആര്‍എസ്എസിന് വേണ്ടിയാണോ പണിയെടുക്കുന്നത് എന്ന് മറ്റൊരു ചോദ്യമുയര്‍ന്നു. അവ രണ്ടും രണ്ട് സംഘടനകളാണെന്നും ബിജെപി ആര്‍എസ്എസിനോട് കടപ്പെട്ടിരിക്കണമെന്നും സുബ്രമണ്യം സ്വാമി തിരിച്ചടിച്ചു.2003 മാര്‍ച്ച് 26നാണ് ഹരേണ്‍ പാണ്ഡ്യ കൊല്ലപ്പെടുന്നത്. അഹമ്മദാബാദിലെ ലോ ഗാര്‍ഡന്‍സില്‍ പ്രഭാത സവാരിക്ക് പോയ ഹരേണ്‍ പാണ്ഡ്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. നടക്കാനിറങ്ങി രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ആശങ്കയിലായ കുടുംബം സന്തത സഹചാരി നീലേഷ് ഭട്ടിനെ പറഞ്ഞയച്ചു. കാറില്‍ മരിച്ച നിലയില്‍ പാണ്ഡ്യയെ കണ്ടെത്തി. രണ്ട് അജ്ഞാതര്‍ മുന്‍ ആഭ്യന്തര മന്ത്രിക്ക് നേരെ അഞ്ച് തവണ നിറയൊഴിച്ചെന്നായിരുന്നു ആദ്യ വിവരം.

ഹരേണ്‍ പാണ്ഡ്യയുടെ മരണത്തിന് 2002 ഗുജറാത്ത് കലാപവുമായി ബന്ധമുണ്ടെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്നു പാണ്ഡ്യ. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയും ഉപ പ്രധാനമന്ത്രി ലാല്‍ കൃഷ്ണ അദ്വാനിയും പാണ്ഡ്യക്ക് നേരെ വധ ഭീഷണി ഉണ്ടായിരുന്നിട്ടും വേണ്ടത്ര സുരക്ഷയൊരുക്കാതിരുന്നതാണ് കൊലയ്ക്ക് കാരണമെന്ന് വിമര്‍ശനങ്ങളുണ്ടായി. ഹരേണ്‍ പാണ്ഡ്യയെ മാറ്റിനിര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി സംഘ്പരിവാറിനകത്തും വിമര്‍ശനങ്ങളുണ്ടായി. വധഭീഷണിയുണ്ടെന്ന വിവരം ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് ഹരേണ്‍ പാണ്ഡ്യയെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു.


ഗുജറാത്ത് കലാപം നടക്കുന്ന സമയത്ത് റവന്യൂ മന്ത്രിയായിരുന്നു ഹരേണ്‍ പാണ്ഡ്യ. കലാപത്തിന് ഇരയായവരുമായും കുടുംബങ്ങളുമായും മുസ്ലീം നേതാക്കളുമായും സമാധാന സന്ധി ഭാഷണത്തിന് കഴിയുമായിരുന്ന ഏക മന്ത്രിസഭാംഗമായിരുന്നു പാണ്ഡ്യയെന്ന് പറയപ്പെടുന്നു. ഗോദ്ര ട്രെയ്ന്‍ ദുരന്തം നടന്ന 2002 ഫെബ്രുവരി 27ന് മുഖ്യമന്ത്രി മോദി വസതിയില്‍ നടത്തിയ യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നതായി പാണ്ഡ്യ വെളിപ്പെടുത്തിയെന്ന് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസ്തുത യോഗത്തില്‍ 'രോഷം പ്രകടിപ്പിക്കാന്‍ ജനങ്ങളെ അനുവദിക്കണമെന്നും ഹിന്ദുക്കളുടെ തിരിച്ചടിയുടെ ഇടയില്‍ കയറാന്‍ ആരും വരരുതെന്നും' മോദി പറഞ്ഞതായി ആരോപണമുണ്ട്. മന്ത്രിസഭാംഗങ്ങളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മറ്റ് അധികൃതരും ഈ യോഗത്തിലുണ്ടായിരുന്നതായും താന്‍ മോദിയുടെ വാക്കുകള്‍ക്ക് സാക്ഷിയാണെന്നും ഹരേണ്‍ പാണ്ഡ്യ തുറന്നുപറഞ്ഞതായി ഔട്ട് ലുക്ക് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 2002 മെയില്‍ നല്‍കിയ പ്രതികരണം അതേവര്‍ഷം ഓഗസ്റ്റ് 19ന് പാണ്ഡ്യ ആവര്‍ത്തിച്ചതായി ഔട്ട് ലുക്ക് പറയുന്നു. താനാണ് ഇത് വെളിപ്പെടുത്തിയതെന്ന് പുറത്തറിഞ്ഞാല്‍ കൊല്ലപ്പെടുമെന്ന് കൂടി പാണ്ഡ്യ രണ്ടാമത്തെ പ്രതികരണത്തില്‍ വ്യക്തമാക്കിയെന്ന് ഔട്ട് ലുക്ക് റിപ്പോര്‍ട്ട് ചെയ്തു. സമാന ആരോപണമാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന സഞ്ജീവ് ഭട്ടും മോദിക്കെതിരെ ഉന്നയിച്ചത്.

കേശുഭായ് പട്ടേലിന്റെ വിശ്വസ്തനായിരുന്ന പാണ്ഡ്യ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. പിന്നീട് മോദി മുഖ്യമന്ത്രിയായപ്പോള്‍ റവന്യൂമന്ത്രിയായി. 2002 ഓഗസ്റ്റില്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. 2002 നിയമസഭാ തെരഞ്ഞെടുപ്പില്‍ തഴയപ്പെട്ടേക്കുമെന്ന് മുന്‍കൂട്ടി കണ്ടായിരുന്നു ഇത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന ഹരേണ്‍ പാണ്ഡ്യക്ക് പിന്നീട് ബിജെപി, ദേശീയ ഏക്‌സിക്യൂട്ടീവ് ചുമതല നല്‍കി. 2012ല്‍ ഹരേണ്‍ പാണ്ഡ്യയുടെ ഭാര്യ ജാഗൃതി പാണ്ഡ്യ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ബിജെപിക്കെതിരെ മത്സരിച്ചിരുന്നു. ഭര്‍ത്താവിന്റെ കൊലയിലും ഗൂഢാലോചനയിലും ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഇത്.


Story highlights: Subramanian Swamy criticized Narendra Modi and Amit Shah

Next Story