Top

പഞ്ചാബ് സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി ജീവനൊടുക്കി; പത്ത് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം, പ്രതിഷേധം

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് സൂചിപ്പിക്കുന്നആത്മഹത്യാ കുറിപ്പ് ലഭിച്ചതായി പൊലീസ്

21 Sep 2022 6:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പഞ്ചാബ് സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി ജീവനൊടുക്കി; പത്ത് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം, പ്രതിഷേധം
X

പഞ്ചാബ്: മലയാളി വിദ്യാര്‍ത്ഥി ജീവനൊടുക്കിയതിന് പിന്നാലെ പഞ്ചാബ് സര്‍വകലാശാലയില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. പഞ്ചാബിലെ ഫഗ്വാരയിലുള്ള ലൗലി പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ ഡിസൈന്‍ കോഴ്‌സ് ചെയ്യുന്ന അഗ്നി എസ് ദിലീപ് (21) ആണ് ചൊവ്വാഴ്ച മരിച്ചത്. പത്ത് ദിവസത്തിനിടെ സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥിയാണിതെന്നും, അന്വേഷണം വേണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് സൂചിപ്പിക്കുന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി കപൂര്‍ത്തല പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥിക്ക് വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്നും പൊലീസിന്റെ ട്വീറ്റില്‍ പറയുന്നു. വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് വിദ്യാര്‍ത്ഥിയുടെ മരണമെന്ന് സര്‍വകലാശാലയും പ്രസ്താവനയില്‍ പറയുന്നു. പൊലീസ് അന്വേഷണത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

അതിനിടെ മരണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. മുമ്പ് നടന്ന മരണം അധികൃതര്‍ ഇടപെട്ട് മറക്കുകയായിരുന്നുവെന്നും രണ്ട് മരണങ്ങള്‍ക്ക് പിന്നിലെ കാരണവും അന്വേഷിച്ച് കണ്ടെത്തണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Story Highlights: Student's Death Sparks Huge Protest At University In Punjab

Next Story