Top

ഗുജറാത്തില്‍ നേരത്തെ തെരഞ്ഞെടുപ്പ് നടത്താന്‍ ബിജെപി നീക്കം?; പ്രമുഖ നേതാക്കളെല്ലാം സംസ്ഥാനത്തേക്ക്

23 April 2022 12:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുജറാത്തില്‍ നേരത്തെ തെരഞ്ഞെടുപ്പ് നടത്താന്‍ ബിജെപി നീക്കം?; പ്രമുഖ നേതാക്കളെല്ലാം സംസ്ഥാനത്തേക്ക്
X

അഹമ്മദാബാദ്: ഒന്നിന് പുറകേ ഒന്നായി ബിജെപി മുതിര്‍ന്ന നേതാക്കളെല്ലാം ഗുജറാത്ത് സന്ദര്‍ശിക്കുന്നത് അഭ്യൂഹങ്ങള്‍ക്ക് വഴിവെക്കുന്നു. നേരത്തെ നിയമസഭ തെരഞ്ഞെടുപ്പ് നടത്താന്‍ ബിജെപി നേതൃത്വം ആലോചിക്കുന്നതിനാലാണ് നേതാക്കളുടെ തുടര്‍ച്ചയായ സന്ദര്‍ശനമെന്നാണ് അഭ്യൂഹം.

പ്രധാനമന്ത്രി നരേന്ദ്രമോഡി ഏപ്രില്‍ 18 മുതല്‍ 20 വരെ സംസ്ഥാനത്തുണ്ട്. കേന്ദ്രമന്ത്രിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവുമായ ഭൂപേന്ദ്ര യാദവ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സംസ്ഥാനത്തെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും എത്തിയിരുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ തന്നെ സംസ്ഥാനത്തെത്തുന്നുണ്ട്്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ ജെപി നദ്ദ ഏപ്രില്‍ 26നാണ് ഗുജറാത്തിലെത്തുന്നത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ സമയം നല്‍കാതിരിക്കുക എന്ന തന്ത്രമാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതില്‍ ബിജെപിക്കുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രശാന്ത് കിഷോറിന്റെ മാര്‍ഗനിര്‍ദേശത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസും പഞ്ചാബിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ ആംആദ്മി പാര്‍ട്ടിയും ഒരുങ്ങുകയാണ്. എന്നാല്‍ വേണ്ടത്ര സമയം നല്‍കാതിരുന്നാല്‍ വീണ്ടും അധികാരത്തിലെത്താന്‍ കഴിയുമെന്നാണ് ബിജെപി നേതാക്കള്‍ കണക്കുകൂട്ടുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.

സംസ്ഥാനത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പൊരുക്കങ്ങള്‍ വളരെ സജീവമാണ്. സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ കുറിച്ചുള്ള അഭിപ്രായമെന്താണെന്ന് ഭൂപേന്ദ്ര യാദവ് സംസ്ഥാന നേതാക്കളില്‍ നിന്ന് അഭിപ്രായം തേടി കഴിഞ്ഞു. പാര്‍ട്ടിയുടെ വിവിധ സെല്‍ നേതാക്കളെ വിളിച്ചും ജനങ്ങളുടെ വികാരത്തെ കുറിച്ച് അഭിപ്രായം തേടിയിരുന്നു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ മന്ത്രിമാരുടെ യോഗവും യാദവ് വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗങ്ങളില്‍ നിന്നുള്ള വിലയിരുത്തലുകള്‍ യാദവ് നദ്ദയെ ബോധ്യപ്പെടുത്തും.

Next Story