Top

സാന്റിയാഗോ മാര്‍ട്ടിന്‍ വീണ്ടും വാര്‍ത്തകളില്‍; 3.34 കോടി നല്‍കി ആദ്യ സ്വകാര്യ തീവണ്ടി സര്‍വീസ്, ഓടി തുടങ്ങി

16 Jun 2022 2:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാന്റിയാഗോ മാര്‍ട്ടിന്‍ വീണ്ടും വാര്‍ത്തകളില്‍; 3.34 കോടി നല്‍കി ആദ്യ സ്വകാര്യ തീവണ്ടി സര്‍വീസ്, ഓടി തുടങ്ങി
X

കോയമ്പത്തൂര്‍: ഭാരത് ഗൗരവ് പദ്ധതിക്ക് കീഴില്‍ രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി സര്‍വീസിന്റെ കരാര്‍ ലഭിച്ചത് വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിക്ക്. കോയമ്പത്തൂര്‍-ഷിര്‍ദി പാതയില്‍ ചൊവ്വാഴ്ചയാണ് സര്‍വീസ് ആരംഭിച്ചത്.

ഇതില്‍ നിന്ന് ഒരു വര്‍ഷം റെയില്‍വേക്ക് വരുമാനമായി 3.34 കോടി രൂപ ലഭിക്കും. 20 കോച്ചുകളുള്ള തീവണ്ടിയുടെ വാടക ഒരു കോടി രൂപയാണ്.

സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിന് കഴീലുള്ള സൗത്ത് സ്റ്റാര്‍ റെയില്‍ എന്ന ടൂര്‍ പാക്കേജിങ് കമ്പനിക്കാണ് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചത്. ഭാരത് ഗൗരവ് പദ്ധതി നിലവില്‍ വന്നതോടെ ഐആര്‍സിടിസി നടത്തുന്ന ടൂര്‍ പാക്കേജ് തീവണ്ടികളും ഇനി മുതല്‍ ഈ പദ്ധതിയുടെ ഭാഗമായി മാറുമെന്ന് റെയില്‍വേ അറിയിച്ചു.

രണ്ട് തരം ടിക്കറ്റ് നിരക്കാണ് ഈ സര്‍വീസിലുള്ളത്. സ്വന്തമായി ടിക്കറ്റെടുക്കുന്നവര്‍ക്ക് സ്ലീപ്പര്‍ 2500, തേര്‍ഡ് ക്ലാസ് എസി 5000, സെക്കന്‍ഡ് ക്ലാസ എസി 7000, ഫസ്റ്റ് ക്ലാസ് എസി 10000 രൂപ എന്നിങ്ങനെയാണ് നിരക്ക്. പാക്കേജ് ആണ് സ്വീകരിക്കുന്നതെങ്കില്‍ ഇത് 4999, 7999, 9999, 12999 എന്നീ നിരക്കുകളിലേക്ക് മാറും. പാക്കേജ് സ്വീകരിക്കുന്നവര്‍ക്ക് പ്രത്യേക സേവനങ്ങള്‍ ലഭിക്കും.

രണ്ട് വര്‍ഷത്തെ കരാറാണ് നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് ആറിന് കോയമ്പത്തൂര്‍ നോര്‍ത്തില്‍ നിന്ന് ഷിര്‍ദിയിലേക്ക് പുറപ്പെടുന്ന വണ്ടി തിരികെ കോയമ്പത്തൂര്‍ എത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

Story Highlights: South Star Rail the firm which will operate the private train is headed by Martin Santiago

Next Story