കുമാരി ഷെല്‍ജ ഹരിയാന കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയേക്കും; ദീപേന്ദര്‍ ഹൂഡയ്ക്ക് വഴിയൊരുക്കാന്‍ ഹൂഡ
11 April 2022 10:12 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചണ്ഡീഗര്‍: ഹരിയാന കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് കുമാരി ശെല്‍ജ മാറിയേക്കും. സ്ഥാനത്ത് നിന്ന് മാറാന്‍ കുമാരി ശെല്‍ജ സന്നദ്ധത അറിയിച്ചെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ പ്രമുഖ നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ ഷെല്‍ജയെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് വേണ്ടി ഹൈക്കമാന്‍ഡിനോട് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ യോജിച്ച നേതൃത്വം വേണമെന്ന് ഹൂഡ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിന്റെ ഉദ്ദേശം ഷെല്‍ജയെ മാറ്റലായിരുന്നുവെന്നാണ് കരുതുന്നത്.
കുറച്ചു കാലമായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം രണ്ട് ഗ്രൂപ്പായാണ് വേര്‍തിരിഞ്ഞു നില്‍ക്കുകയാണ്. പരസ്പരം ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുന്നതെങ്കിലും ഹൂഡയും ഷെല്‍ജയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
പാര്‍ട്ടിക്കുള്ള 31 എംഎല്‍എമാരില്‍ 24ഓളം പേര് ഹൂഡയോടൊപ്പമാണെന്നാണ് കരുതുന്നത്. മുന്‍ എംപിമാരും എംഎല്‍എമാരും ഹൂഡയെ പിന്തുണക്കുന്നു. അതേ സമയം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി മികച്ച ബന്ധത്തിലാണ് ഷെല്‍ജ.
ഷെല്‍ജ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയാല്‍ തന്റെ മകനും മുന്‍ എംപിയുമായ ദീപേന്ദര്‍ ഹൂഡയെ അദ്ധ്യക്ഷനാക്കാനാണ് ഹൂഡയുടെ ശ്രമം. എന്നാല്‍ ഈ നീക്കത്തെ സംസ്ഥാനത്തെ മറ്റ് മുതിര്‍ന്ന നേതാക്കളായ രണ്‍ദീപ് സുര്‍ജേവാല, കിരണ്‍ ചൗധരി, കുല്‍ദീപ് ബിഷ്ണോയ് എന്നിവര്‍ എതിര്‍ക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അന്നത്തെ അദ്ധ്യക്ഷന്‍ അശോക് തന്‍വറെ മാറ്റാന്‍ ഹൂഡ പക്ഷത്തിന് കഴിഞ്ഞിരുന്നു.
Story Highlights: