Top

സോറിയാസിസ് രോ​ഗബാധിതയായ വൃദ്ധ മരിച്ചു, ആരും സഹായിച്ചില്ല; മൃതദേഹം ചക്രക്കസേരയിൽ ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ച് മകൻ

ശ്മശാനത്തിന്റെ ചുമതലയുള്ള എന്‍ ശ്രീധരനാണ് ഇക്കാര്യം പുറത്തറിയിച്ചത്.

10 Sep 2022 2:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സോറിയാസിസ് രോ​ഗബാധിതയായ വൃദ്ധ മരിച്ചു, ആരും സഹായിച്ചില്ല; മൃതദേഹം ചക്രക്കസേരയിൽ ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ച് മകൻ
X

ചെന്നൈ: വയോധികയുടെ മൃതദേഹം മകന്‍ ചക്രക്കസേരയില്‍ ശ്മശാനത്തിലെത്തിച്ച് സംസ്‌കരിച്ചു. ത്വക്ക് രോഗം പകരുമെന്ന് ഭയന്ന് ബന്ധുക്കള്‍ വിട്ടുനിന്നതിനെ തുടര്‍ന്നാണ് സംഭവം.തിരുച്ചിറപ്പള്ളി ജില്ലയിലെ മണപ്പാറയിലാണ് സംഭവം നടന്നത്. ശ്മശാനത്തിന്റെ ചുമതലയുള്ള എന്‍ ശ്രീധരനാണ് ഇക്കാര്യം പുറത്തറിയിച്ചത്.

ഭാരതിയാര്‍ നഗറില്‍ താമസിക്കുന്ന മുരുകാനന്ദം (60) ആണ് അമ്മ രാജേശ്വരിയുടെ(84) മൃതദേഹം ചക്രക്കസേരയില്‍ ഇരുത്തി മൂന്നരക്കിലോമീറ്റര്‍ ദൂരെയുള്ള ശ്മാശനത്തിലേക്ക് തള്ളിക്കൊണ്ടു വന്നത്. ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്നയാളാണ് മുരുകാനന്ദം.

തളര്‍വാതം മൂലം കിടപ്പിലായ രാജേശ്വരി വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് മരിച്ചത്. രാജേശ്വരിക്ക് സോറിയാസിസ് രോഗവുമുണ്ടായിരുന്നു. സോറിയാസിസ് രോഗമുള്ളതിനാല്‍ ശവസംസ്‌കാരത്തിനു ആരും സഹായിക്കാത്തതിനാലും ,ആംബുലന്‍സിനുള്ള വാടക നല്കാനാവാത്തതിനാലുമാണ് ചക്ക്രകസേരയില്‍ കൊണ്ടു വന്നതെന്ന് മുരുകാനന്ദം പറഞ്ഞു.

പുലര്‍ച്ചെ ആറുമണിക്കാണ് മുരുകാനന്ദം മൃതദേഹവുമായി ശ്മാശാനത്തിലെത്തിയത്. തുടര്‍ന്ന് സമീപത്തെ ചായക്കടക്കാരന്‍ ശ്രീധരനെ ഫോണില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ശ്രീധരന്‍ സ്ഥലത്തെത്തി വിവരം അന്വേഷിച്ചു. വിവരങ്ങള്‍ സ്ഥിരീകരിച്ചശേഷം സംസ്‌കാരം നടത്തി. മുരുകാനന്ദന്റെ അച്ഛന്‍ പെരിയസ്വാമി (90) ജീവിച്ചിരിപ്പുണ്ട്. രണ്ട് സഹോദരങ്ങളുമുണ്ട്. ഒരാള്‍ മണപ്പാറയിലും മറ്റൊരാള്‍ ബെംഗളൂരുവിലുമാണ് താമസം.

STORY HIGHLIGHTS: Son takes mother's dead body by wheelchair to crematorium in Tamil Nadu

Next Story