Top

ലഖിംപൂര്‍ കര്‍ഷക കൊലപാതകം; മഹാരാഷ്ട്രയില്‍ ഇന്ന് ബന്ദ്

11 Oct 2021 5:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഖിംപൂര്‍ കര്‍ഷക കൊലപാതകം; മഹാരാഷ്ട്രയില്‍ ഇന്ന് ബന്ദ്
X

ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മഹാരാശഷ്ട്രയില്‍ ഇന്ന് ബന്ദ്. ഭരണ കക്ഷിയായ മഹാ വികാസ് അഖാഡിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും പ്രതിഷേധത്തില്‍ പങ്കാളിയാവും. പ്രതിഷേധവുമായി ജനങ്ങള്‍ സഹകരിക്കണമെന്നും പ്രതിഷേധക്കാര്‍ അഭ്യര്‍ത്ഥിച്ചു.

ആവശ്യസേവനങ്ങള്‍ ഒഴികെയുള്ള ബാക്കിയെല്ലാം ബന്ദില്‍ നിശ്ചലമാകും. കടകള്‍ പൂര്‍ണമായും അടച്ചിട്ടാണ് പ്രതിഷേധിക്കുന്നത്. കര്‍ഷകരെ പിന്തുണക്കാനും ഒരു ദിവസം ജോലിയുള്‍പ്പെടെ നിര്‍ത്തിവെച്ച് സഹകരിക്കണമെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ നവാബ് മാലിക്ക് ആവശ്യപ്പെട്ടു. കര്‍ഷക കൊലപാതകത്തില്‍ മകന്റെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പാര്‍ട്ടി ബന്ദിന് പൂര്‍ണപിന്തുണ നല്‍കുമെന്ന് ശിവസേന നേതാവ് സജ്ഞയ് റാവത്തും വ്യക്തമാക്കിയിരുന്നു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിവിധപാര്‍ട്ടി നേതാക്കള്‍ രാജ് ഭവനുമുന്നില്‍ പ്രതിഷേധം ആചരിക്കുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ നാന പടോളെ പറഞ്ഞു. അതേസമയം വ്യാപാരികള്‍ കടകളടച്ച ബന്ദിനോട് സഹകരിക്കുമെന്നാണ് വിവിധ വ്യാപാര സംഘടനകളുടെയും നിലപാട്.

യുപിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ ആഷിഷ് മിശ്രയുടെ വാഹനവ്യൂഹം കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചു കയറ്റിയ സംഭവത്തിലാണ് നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടത്. ഒരു മാധ്യമ പ്രവര്‍ത്തകനുള്‍പ്പെടെ നാല് കര്‍ഷകരാണ് കൊലപ്പെട്ടത്. സംഭവം നടന്നതിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് മന്ത്രിയുടെ മകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൊലപാതക കേസില്‍ ആശിഷ് മിശ്രയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് യുപി പൊലിസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ആശിഷിനെ ചോദ്യംചെയ്താല്‍ ഇതിനു പിന്നിലുള്ള കൂടുതല്‍ ആളുകളുടെ പേരുകളും പുറത്തു വരുമെന്നാണ് പൊലിസ് കരുതുന്നത്.

Next Story