പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ചോദിച്ച് ഡല്‍ഹി സര്‍ക്കാര്‍; പിടിക്കപ്പെട്ടാല്‍ പതിനായിരം പിഴയും ആറ് മാസം തടവും, ഒരുക്കങ്ങള്‍ ഇങ്ങനെ
പെട്രോള്‍ പമ്പുകളിലും വര്‍ക്ക് ഷോപ്പുകളിലും സ്ഥാപിച്ചിട്ടുള്ള 900ലധികം മലിനീകരണ പരിശോധനാ കേന്ദ്രങ്ങള്‍ ഡല്‍ഹി നഗരത്തിലുടനീളം സ്ഥാപിക്കാനൊരുങ്ങുകയാണ് സര്‍ക്കര്‍.
5 Aug 2022 11:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: കാലാവധി കഴിയാത്ത മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് (പിയുസി) ഇല്ലാത്ത വാഹന ഉടമകള്‍ക്ക് നോട്ടീസ് അയച്ച് ഡല്‍ഹി സര്‍ക്കാര്‍. പിയുസി ഇല്ലാത്ത വാഹനങ്ങള്‍ പിടിക്കപ്പെട്ടാല്‍, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ഉടമകള്‍ക്ക് ആറ് മാസം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ തടവും, പിഴയും ഒരുമിച്ചോ ലഭിക്കാം. ഔദ്യോഗിക കണക്ക് പ്രകാരം ജൂലൈ 18 വരെ ഏകദേശം 13 ലക്ഷം ഇരുചക്ര വാഹനങ്ങളും മൂന്ന് ലക്ഷം കാറുകളും രാജ്യ തലസ്ഥാനത്ത് പിയുസി ഇല്ലാതെ ഓടുന്നുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പിയുസി സര്‍ട്ടിഫിക്കറ്റിന്റെ ലഭ്യത ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം തന്നെ 14 ലക്ഷത്തോളം വാഹന ഉടമകളുടെ മൊബൈല്‍ നമ്പറുകളിലേക്ക് റിമൈന്‍ഡര്‍ അയച്ചിട്ടുണ്ട്.
'തലസ്ഥാനത്ത് വിളവെടുപ്പിനു ശേഷം കര്‍ഷകര്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതു മൂലം അന്തരീക്ഷ മലിനീകരണം ഉണ്ടാകുമെന്നത് മുന്‍നിര്‍ത്തിയാണ് നടപടി. വാഹനങ്ങള്‍ മൂലമുള്ള മലിനീകരണം ഒരു പരിധിവരെയെങ്കിലും തടയേണ്ടതുണ്ട്. കാലാവധി കഴിയാത്ത പിയുസി ലഭ്യമാക്കാന്‍ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുക എന്നതാണ് നടപടിയുടെ ലക്ഷ്യ'മെന്നും ഉദ്യോഗസ്ഥന് പറഞ്ഞു. വിരമിച്ച ആര്‍മി കേണലായ ഒരു വ്യക്തി തന്റെ മകന് വിദേശത്താണെന്നും വാഹനം അവരുടെ ഗാരേജില്‍ കിടക്കുകയാണെന്നും അറിയിച്ച് ഗതാഗത വകുപ്പിന് കത്തെഴുതി. റോഡില്‍ ഓടാത്ത വാഹനങ്ങളെ പിഴയില്‍ നിന്ന് ഒഴിവാക്കുന്ന നിയമ വ്യവസ്ഥയുണ്ട്. അതിനാല്‍ തീര്‍ച്ചയായും, റോഡുകളില്‍ ഓടാത്ത വാഹനങ്ങള്‍ക്ക് പിയുസി ലഭിക്കേണ്ടതില്ല, എന്നാല്‍ കാലാവധി കഴിയാത്ത പിയുസി ഇല്ലാതെ റോഡുകളില്‍ ഓടുന്ന വാഹനങ്ങള്‍ പിടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര മോട്ടോര്‍ വാഹന നിയമം 1989 അനുസരിച്ച്, മോട്ടോര്‍ വാഹനങ്ങള്‍ അതിന്റെ ആദ്യ രജിസ്ട്രേഷന് തീയതി മുതല്‍ ഒരു വര്‍ഷത്തെ കാലാവധിക്ക് ശേഷം കാലാവധി കഴിയാത്ത പിയുസി സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കേണ്ടതുണ്ട്. നാല് ചക്രങ്ങളുള്ള ബിഎസ് ഫോര്‍ വാഹനങ്ങള്‍ക്ക് ഒരു വര്‍ഷവും മറ്റ് വാഹനങ്ങള്‍ക്ക് മൂന്ന് മാസവുമാണ് പിയുസി സര്‍ട്ടിഫിക്കറ്റ് കാലാവധി. വാഹന രജിസ്ട്രേഷന് ഡേറ്റാബേസുമായി സംയോജിപ്പിച്ചിരിക്കുന്നത് കൊണ്ട് തന്നെ പിയുസി സര്‍ട്ടിഫിക്കേഷന്റെ വിശ്വാസ്യത മെച്ചപ്പെടുത്താനാകും. പിയുസി സര്‍ട്ടിഫിക്കേഷനുകളില്‍ കൃത്രിമം നടത്തുന്നതിനെതിരെ ആവശ്യമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുവാനും, മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളെ തിരിച്ചറിയാനും സഹായിക്കും.
ഗതാഗത വകുപ്പിന്റെ പിയുസി മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കിയതിനാല്‍ കഴിഞ്ഞ വര്‍ഷം 60 ലക്ഷത്തിലധികം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പെട്രോള്‍ പമ്പുകളിലും വര്‍ക്ക് ഷോപ്പുകളിലും സ്ഥാപിച്ചിട്ടുള്ള 900ലധികം മലിനീകരണ പരിശോധനാ കേന്ദ്രങ്ങള്‍ ഡല്‍ഹി നഗരത്തിലുടനീളം സ്ഥാപിക്കാനൊരുങ്ങുകയാണ് സര്‍ക്കര്‍. പെട്രോളും സിഎന്‍ജിയും ഉപയോഗിക്കുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് മലിനീകരണ പരിശോധനയ്ക്ക് 60 രൂപയാണ് ഫീസ്. നാല് ചക്ര വാഹനങ്ങള്‍ക്ക് 80 രൂപയും ഡീസല്‍ വാഹനങ്ങള്‍ക്ക് 100 രൂപയുമാണ്.
Story Highlights :