Top

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം; ആറ് ആഴ്ച്ചക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാം

യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം

9 Sep 2022 8:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം; ആറ് ആഴ്ച്ചക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാം
X

ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം. സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ചെങ്കിലും അടുത്ത 6 ആഴ്ച്ച സിദ്ദിഖ് കാപ്പന്‍ ഡല്‍ഹിയില്‍ തുടരണം. ആറാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തിന് കേരളത്തിലേക്ക് മടങ്ങാം. കേരളത്തില്‍ എത്തിയാലും ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം.മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം; ആറ് ആഴ്ച്ചക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാം.

ഹാഥ്‌റസിലേക്കുള്ള യാത്രയ്ക്കിടെയാണ് സിദ്ദിഖ് കാപ്പനെ രാജ്യ ദ്രോഹക്കുറ്റം ചുമത്തി യുപി പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പന് ജാമ്യം അനുവദിക്കരുതെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ ഉന്നത നേതാക്കളുമായി ബന്ധമുണ്ടെന്ന് യുപി സര്‍ക്കാര്‍ കോടതയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉണ്ടായിരുന്നു.

വര്‍ഗീയ സംഘര്‍ഷങ്ങളും ഭീകരതയും വളര്‍ത്തുന്നതിനായി നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് കാപ്പനെന്നും അറസ്റ്റിന് മുമ്പായി ബാങ്ക് അക്കൗണ്ടിലേക്ക് വന്ന 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതയില്‍ വാദിച്ചിരുന്നു.

കാപ്പന്‍ ജാമ്യത്തില്‍ ഇറങ്ങിയാല്‍ കേസിലെ സാക്ഷിയായ മലയാളി മാധ്യമ പ്രവര്‍ത്തകന് ഭീഷണിയുണ്ടാകുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. സിദ്ദിഖ് കാപ്പനെതിരെ തെളിവ് നല്‍കിയവരുടെ ജീവന് ഭീഷണിയുണ്ടെന്നും സത്യവാങ്മൂലത്തില്‍ ഉണ്ടായിരുന്നു.

പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ജോലി ചെയ്യാനുള്ള യാത്രയിലാണ് യുപി പൊലീസ് അറസ്റ്റ് ചെയ്‌തെന്നും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് അലഹബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതെന്നും കാപ്പന്‍ ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

2020 ഒക്ടോബറിലായിരുന്നു സിദ്ദിഖ് കാപ്പനെ യുപി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു കാപ്പന്‍. നേരത്തെ മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയും കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ കാപ്പന്‍ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

Story Highlights: SC will grant bail to journalist Siddique Kappan

Next Story