Top

ഹോട്ടല്‍ ബുക്കിംഗ് രണ്ട് ദിവസത്തേക്ക് നീട്ടി വിമത എംഎല്‍എമാര്‍; ഷിന്‍ഡെ വഡോദരയിലെത്തി ഫഡ്‌നാവിസിനെ കണ്ടുവെന്ന് സൂചന

25 Jun 2022 8:53 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹോട്ടല്‍ ബുക്കിംഗ് രണ്ട് ദിവസത്തേക്ക് നീട്ടി വിമത എംഎല്‍എമാര്‍; ഷിന്‍ഡെ വഡോദരയിലെത്തി ഫഡ്‌നാവിസിനെ കണ്ടുവെന്ന് സൂചന
X

ഗുവാഹത്തി: ഏക്‌നാഥ് ഷിന്‍ഡെ ക്യാമ്പിലെ വിമത എംഎല്‍എമാരെ താമസിപ്പിക്കുന്ന ഹോട്ടലിന്റെ ബുക്കിംഗ് രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. നേരത്തെ, ഈ മാസം 28 വരെയായിരുന്നു ഹോട്ടല്‍ ബുക്ക് ചെയ്തിരുന്നത്. അതാണ് രണ്ട് ദിവസത്തേക്ക് കൂടെ നീട്ടിയിരിക്കുന്നത്. ഗുവാഹത്തിയിലെ ഹോട്ടല്‍ അധികൃതരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, കഴിഞ്ഞ ദിവസം രാത്രി ഏക്‌നാഥ് ഷിന്‍ഡെ ഗുജറാത്തിലെ വഡോദരയിലെത്തി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസുമായി ചര്‍ച്ച നടത്തി എന്ന വാര്‍ത്തകളും പുറത്ത് വന്നു. സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് രണ്ടുപേരും ചര്‍ച്ച നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയോടെയാണ് കൂടിക്കാഴ്ച. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസം വഡോദരയില്‍ ഉണ്ടായിരുന്നു. അസമിലെ ഗുവാഹത്തിയില്‍ നിന്നും പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തിലെത്തിയാണ് ഷിന്‍ഡെ ഫഡ്‌നാവിസുമായി ചര്‍ച്ച നടത്തിയത്.

വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവാ മൊയ്ത്ര ബിജെപിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഗുവാഹത്തിയില്‍ നിന്നും വഡോദരയിലേക്കും തിരിച്ചുമുള്ള പ്രത്യേക വിമാനങ്ങള്‍ക്ക് ആരാണ് കാശ് മുടക്കുന്നതെന്ന് അവര്‍ ചോദിച്ചു. സുതാര്യമല്ലാത്ത മറ്റൊരു ബിജെപി കെയേഴ്‌സ് ഫണ്ട് ഇതിനുണ്ടോയെന്ന് അമിത് ഷായെ ലക്ഷ്യമിട്ട് മഹുവ ചോദിച്ചു.

അതിനിടെ, ഏക്‌നാഥ് ഷിന്‍ഡെ ക്യാമ്പിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍ മേയറും ശിവസേന താനെ ജില്ലാ തലവനുമായ നരേഷ് മഹാസ്‌കെ രാജിവെച്ചു. എന്‍സിപിയുമായുള്ള സഖ്യത്തില്‍ ശിവസൈനികര്‍ ശ്വാസം മുട്ടുകയാണെന്നും താന്‍ തുടര്‍ന്നും ശിവസൈനികനായി തന്നെ തുടരുമെന്നും നരേഷ് മഹാസ്‌കെ ഉദ്ദവ് താക്കറെയ്ക്ക് എഴുതിയ കത്തില്‍ പറഞ്ഞു.

STORY HIGHLIGHTS: Shiv Sena rebel group extended hotel bookings by two days

Next Story